കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധി സംസ്ഥാന കോണ്‍ക്ലേവ് മന്ത്രി ഉദ്ഘാടനം ചെയ്തു
വനിത കര്‍ഷകര്‍ക്കായി ‘വനിത സഖി’ പദ്ധതി
കോഴിക്കോട്: വിദ്യാര്‍ഥികളില്‍ കാര്‍ഷിക സംസ്കാരം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി സ്കൂളുകളില്‍ ‘കതിര്’ കാര്‍ഷിക ക്ലബ് പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി ടി സിദ്ദിഖ്. കൃഷിയില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് വെയിറ്റേജ് മാര്‍ക്ക് നല്കുന്ന സംവിധാനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധി സംസ്ഥാന കോണ്‍ക്ലേവ് കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. യുവതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ആവിഷ്കരിക്കുന്ന കതിര് പദ്ധതി ആദ്യവര്‍ഷം 500 സ്കൂളുകളില്‍ ആരംഭിക്കും. പിന്നീട് മുഴുവന്‍ സ്കൂളുകളിലേക്കും വ്യാപിപ്പിക്കും. നോഡല്‍ അധ്യാപകര്‍, ബാക്ക് അപ് ടീം, 10,000 രൂപ സീഡിങ് മണി എന്നിവ ഏര്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭ വനിത കര്‍ഷക വര്‍ഷമായി പ്രഖ്യാപിച്ച ഈ വര്‍ഷം ‘വനിത സഖി’ എന്ന പേരില്‍ വനിത കര്‍ഷകര്‍ക്ക് മാത്രമായി പ്രത്യേക പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയതായും മന്ത്രി പറഞ്ഞു.
2020ല്‍ ആരംഭിച്ച കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധി (എ.ഐ.എഫ്) പദ്ധതി രണ്ടാംഘട്ടത്തിലേക്ക് കടക്കുകയാണ്. വിളവെടുപ്പിന് ശേഷമുള്ള പരിപാലനം, മൂല്യവര്‍ധിത ഉല്പന്നങ്ങളാക്കി മാറ്റുന്നത്, പാക്കിങ്, വിപണനം, കയറ്റുമതി എന്നിവ ഉള്‍പ്പെടെ കാര്‍ഷിക മേഖലയില്‍ ആവശ്യമായ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്ന നിര്‍ണായക നിധിയായി എ.ഐ.എഫ് മാറിക്കഴിഞ്ഞു. എ.ഐ.എഫ് പൂര്‍ണ തോതില്‍ വിനിയോഗിക്കാനും കൂടുതല്‍ തുക വാങ്ങിയെടുക്കാനുമുള്ള പ്രധാന ചുവടുവെപ്പാണ് സംസ്ഥാന കോണ്‍ക്ലേവെന്നും മന്ത്രി പറഞ്ഞു.
നിര്‍മിത ബുദ്ധിയും ഐ.ഒ.ടിയും ഡ്രോണുമുള്‍പ്പെടെ എല്ലാ സങ്കേതങ്ങളും മനോഹരമായി ഉപയോഗപ്പെടുത്തുന്ന മേഖലയാണ് ഇന്ന് കാര്‍ഷികരംഗം. അതിനനുസരിച്ച് കര്‍ഷകര്‍ക്ക് എല്ലാവിധ ബാങ്കിങ് പിന്തുണയും നല്‍കുകയും കാലാനുസൃതമായ പദ്ധതികളും പരിപാടികളും വിഭാവനം ചെയ്യുകയുമാണ്. പദ്ധതി വഴി 2020 മുതല്‍ കേരളത്തിന് അനുവദിക്കപ്പെട്ട തുക 2520 കോടി രൂപയാണ്. ഇതില്‍ 1734 കോടി രൂപയാണ് കേരളം ചെലവഴിച്ചത്. എന്നാല്‍, കൂടുതല്‍ കാര്യക്ഷമമായി ഫണ്ട് ഉപയോഗപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി തുടര്‍നടപടികളുമായി മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.
വെള്ളപ്പൊക്കവും വരള്‍ച്ചയുമുള്‍പ്പെടെ കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ കാര്‍ഷിക മേഖലയില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും തുടര്‍നടപടികള്‍ സ്വീകരിച്ച് കര്‍ഷകര്‍ക്ക് താങ്ങാകാനുമായി സഹകരണ വകുപ്പുമായി ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
കോവൂര്‍ പി കൃഷ്ണപിള്ള മെമോറിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സിന്ധു, ജില്ല പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അജയ് അലക്സ്, കാനറാ ബാങ്ക് കോഴിക്കോട് സര്‍ക്കിള്‍ ഓഫീസ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആര്.കെ സിന്‍ഹ, നബാര്‍ഡ് ഡിസ്ട്രിക്ട് ഡെവലപ്മെന്റ് മാനേജര്‍ വി രാകേഷ്, ലീഡ് ഡിസ്ട്രിക്ട് ഓഫീസര്‍-ആര്.ബി.ഐ വി ജി മണികണ്ഠന് തുടങ്ങിയവര്‍ സംസാരിച്ചു. മികച്ച കര്‍ഷ സംരംഭകര്‍, ബാങ്കുകള്‍ എന്നിവര്‍ക്കുള്ള പുരസ്കാരങ്ങളും കര്‍ഷകര്‍ക്കുള്ള സാങ്ഷന് ലെറ്ററുകളും ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു. തുടര്‍ന്ന് ചര്‍ച്ചയും വിലയിരുത്തലും നടന്നു.
കാര്‍ഷിക അടിസ്ഥാന സൗകര്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപം ലഭ്യമാക്കി കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി രൂപീകരിച്ച വായ്പ ധനസഹായ പദ്ധതിയാണ് കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധി അഥവാ അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് (എ.ഐ.എഫ്). ഈ പദ്ധതി പ്രകാരം ശീതീകരണ സംഭരണികള്‍, സംഭരണ കേന്ദ്രങ്ങള്‍, സംസ്കരണ യൂണിറ്റുകള്‍ തുടങ്ങി സാമൂഹികാടിസ്ഥാനത്തിലുള്ള കാര്‍ഷിക ആസ്തികളും വിളവെടുപ്പാനന്തര അടിസ്ഥാന സൗകര്യങ്ങളും നിര്‍മിക്കാന്‍ കഴിയും. കൂടാതെ വിളവെടുപ്പിന് ശേഷമുള്ള വിളകളുടെ നഷ്ടം പരമാവധി കുറക്കാനും പദ്ധതി സഹായകരമാണ്.
