കോഴിക്കോട്: എൻ.ഐ.ടി. ക്യാമ്പസിന് സമീപം മദ്യലഹരിയിലെത്തിയ യുവാവ് സ്ഥാപനങ്ങൾക്ക് നേരെ കല്ലെറിഞ്ഞ് പരിഭ്രാന്തി പരത്തി. ആക്രമണത്തിൽ ഒരു സ്റ്റുഡിയോയും ബ്യൂട്ടിപാർലറും ഭാഗികമായി തകർന്നു. എൻ.ഐ.ടി. വിദ്യാർഥിയടക്കം മൂന്നുപേർക്ക് കല്ലേറിൽ പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ബിജു എന്നയാളെ കുന്ദമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് എൻ.ഐ.ടി. പരിസരത്ത് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. മദ്യലഹരിയിലായിരുന്ന ബിജു യാതൊരു പ്രകോപനവുമില്ലാതെ സ്ഥാപനങ്ങൾക്ക് നേരെ കല്ലെറിയുകയായിരുന്നു. സ്റ്റുഡിയോയുടെയും ബ്യൂട്ടിപാർലറിന്റെയും മുൻവശത്തെ ചില്ലുകൾ തകരുകയും ഉള്ളിലുണ്ടായിരുന്നവർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ മൂന്നുപേരെയും ഉടൻതന്നെ സമീപത്തെ കെ.എം.സി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
