ഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും. സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസ് നിലനില്‍ക്കില്ലെന്നും ഇ ഡി നിയമനടപടികള്‍ ദുരുപയോഗം ചെയ്യുന്നു എന്നും നേതാക്കള്‍ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി, നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി.
രാജ്യത്ത് ഒരു സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തില്‍ ഇ ഡി കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി മുന്നോട്ടുപോയ ഏക കേസ് ഇതാണെന്ന് സോണിയയും രാഹുലും വ്യക്തമാക്കി. നിയമപ്രകാരം അനുവദനീയമല്ലാത്ത നടപടിയായിരുന്നിട്ടും, മുന്‍ കേന്ദ്രമന്ത്രി സുബ്രഹ്മണ്യം സ്വാമി നല്കിയ സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തില്‍ തങ്ങള്‍ക്കെതിരെ ഇ ഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് ഗാന്ധി കുടുംബം തങ്ങളുടെ മറുപടിയില്‍ വ്യക്തമാക്കി. സുബ്രഹ്മണ്യം സ്വാമി 2014-ല്‍ സ്വകാര്യ പരാതി നല്‍കിയിരുന്നെങ്കിലും, അന്ന് ഇഡി ഒരു ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്നും ഏകദേശം ഏഴ് വര്‍ഷത്തിന് ശേഷം, 2021 ജൂണ്‍ 30-നാണ് ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
