ടെൽ അവീവ്∙ ശ്രീലങ്കൻ തീരത്തെ ഇറാൻ കപ്പലിന് നേരെ ആക്രമണം. 101 പേരെ കാണാതായും 78 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇറാനിയൻ കപ്പലിൽ നിന്ന് സഹായം അഭ്യർഥിച്ചുള്ള സന്ദേശം ലഭിച്ചതിനെ തുടർന്നു ശ്രീലങ്കൻ സൈന്യം രക്ഷാപ്രവർത്തനം ആരംഭിച്ചു. കപ്പലിൽ നിന്ന് 30 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് പറഞ്ഞു.

യുഎഇയെ ലക്ഷ്യമിട്ട ഇറാൻ ഡ്രോണുകളെ റഫാൽ വിമാനങ്ങൾ വെടിവച്ചിട്ടതായി ഫ്രാൻസ്. സഖ്യരാജ്യങ്ങളെ സംരക്ഷിക്കാൻ പ്രതിജ്ഞാബന്ധമാണെന്നു ഫ്രാൻസ് വിദേശകാര്യമന്ത്രി പറഞ്ഞു. എത്ര ഡ്രോണുകളാണ് വെടിവച്ചിട്ടതെന്നു വ്യക്തമല്ല. സുരക്ഷാപ്രശ്നമുള്ളതിനാൽ ലാഹോർ, കറാച്ചി കോണ്‍സുലേറ്റുകളിലെ അത്യാവശ്യ വിഭാഗത്തിലില്ലാത്ത ജീവനക്കാരോടും കുടുംബങ്ങളോടും രാജ്യം വിടാൻ യുഎസ് നിർദേശിച്ചു. ഇസ്‌ലാമാബാദിലെ യുഎസ് എംബസിയുടെ പ്രവർത്തനത്തിൽ മാറ്റമില്ല. സുരക്ഷാ ആശങ്കകൾ മുൻനിർത്തി സൗദി അറേബ്യ, ഒമാൻ, സൈപ്രസ് എന്നിവിടങ്ങളിലെ കോൺസുലേറ്റ് ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും രാജ്യം വിടാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അനുമതി നൽകിയിട്ടുണ്ട്.

അതേസമയം, ഇറാന്റെ പുതിയ പരമോന്നത നേതാവിന്റെപേര് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കേ, കടുത്ത മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാട്സ് രംഗത്തെത്തി. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി ‘വധിക്കപ്പെടാനുള്ള ലക്ഷ്യം’ ആയിരിക്കുമെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *