കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള പത്ത് ദിവസം നീണ്ട അനിശ്ചിതത്വത്തിന് ഇന്ന് വിരാമമായേക്കും. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ഇന്ന് വൈകിട്ട് 5.30-ന് ഡൽഹിയിൽ നിർണായക ചർച്ച നടത്തും. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് ഹൈക്കമാൻഡിന്റെ പരിഗണനയിലുള്ളത്. മെയ് 4-ന് തിരഞ്ഞെടുപ്പ് ഫലം വന്നിട്ടും പ്രഖ്യാപനം വൈകുന്നത് ഭരണസ്തംഭനത്തിന് ഇടയാക്കുന്നുവെന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിലാണ് ഇന്ന് തന്നെ അന്തിമ തീരുമാനമുണ്ടാകുമെന്ന് സൂചന ലഭിക്കുന്നത്.
യുഡിഎഫ് സഖ്യകക്ഷികൾക്കിടയിലും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ കാലതാമസം വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയിൽ മുസ്ലിം ലീഗ് നിൽക്കുമ്പോൾ, തീരുമാനമെടുക്കാൻ വൈകുന്നത് ജനാധിപത്യത്തോടുള്ള പരിഹാസമാണെന്ന് ആർഎസ്പി ഉൾപ്പെടെയുള്ള ഘടകകക്ഷികൾ വിമർശിച്ചു. ചർച്ചകൾ പൂർത്തിയായെന്നും ഇന്ന് തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.
