കാസർകോട്: മോഷണക്കുറ്റം ആരോപിക്കപ്പെട്ടതിനെത്തുടർന്ന് നാലത്തടുക്കയിൽ 24 വയസ്സുകാരി ജസീല ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദ്യാനഗർ പോലീസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ഗുരുതര ആരോപണം. കേസിൽ പ്രതിസ്ഥാനത്തുള്ളവരെ ചോദ്യം ചെയ്യാൻ പോലും പോലീസ് തയ്യാറാകുന്നില്ലെന്നും, തെളിവുകൾ നശിപ്പിക്കാൻ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുകയാണെന്നും ജസീലയുടെ കുടുംബവും ആക്ഷൻ കമ്മിറ്റിയും വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

ജസീലയുടെ സുഹൃത്തായ അഫ്രീദ് അപവാദപ്രചാരണം നടത്തിയതായും ഇവർ പറയുന്നു. ജസീലയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും തന്റെ കൈവശമുണ്ടെന്ന് ഇയാൾ പ്രചരിപ്പിച്ചിരുന്നു. ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ അഫ്രീദിന്റെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. താൻ നൽകിയ രണ്ടര പവൻ സ്വർണം തിരികെ ചോദിച്ചപ്പോഴാണ് പ്രതികാരം തീർക്കാൻ മോഷണക്കുറ്റം തന്റെ മേൽ കെട്ടിവെച്ചതെന്ന് ജസീലയുടെ മാതാവ് മുംതാസ് വെളിപ്പെടുത്തി.

മരിക്കുന്നതിന് തൊട്ടുമുമ്പ് താൻ നിരപരാധിയാണെന്ന് കരഞ്ഞുപറയുന്ന വീഡിയോ ജസീല ചിത്രീകരിച്ചിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ശേഷമാണ് ജസീല ആത്മഹത്യ ചെയ്തത്. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാരും ആക്ഷൻ കമ്മിറ്റിയും.

Leave a Reply

Your email address will not be published. Required fields are marked *