തനിക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങൾ തെളിയിക്കാൻ മുൻ എംഎൽഎ പി കെ ശശിയെ വെല്ലുവിളിച്ച് സി.പി.എം. പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു രംഗത്തെത്തി. ആരോപണങ്ങൾ തെളിയിച്ചാൽ അന്നുതന്നെ പൊതുജീവിതം അവസാനിപ്പിക്കാൻ താൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. താൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നും എന്നാൽ പൊതുജീവിതം ആരംഭിച്ചത് മുതൽ ശശിക്കുണ്ടായ സമ്പത്തിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും സുരേഷ് ബാബു ആവശ്യപ്പെട്ടു.

പി കെ ശശിയുടേത് നിലവിൽ മാനസിക വിഭ്രാന്തിയാണെന്നും അദ്ദേഹത്തിന്റെ വാക്കുകളെ താൻ നിസ്സാരമായി തള്ളിക്കളയുകയാണെന്നും സുരേഷ് ബാബു പറഞ്ഞു. സി.പി.എമ്മിന്റെ ‘അടുക്കളയിൽ പണിയെടുത്ത’ ഒരാളെ ഒറ്റപ്പാലത്ത് സ്ഥാനാർത്ഥിയാക്കേണ്ടി വരുന്നത് യുഡിഎഫിന്റെ ഗതികേടാണെന്നും അദ്ദേഹം പരിഹസിച്ചു. പാലക്കാട് നടന്ന വിമത കൺവെൻഷനിൽ പങ്കെടുത്തത് അഴിമതിക്കും സ്ത്രീവിഷയങ്ങൾക്കും പാർട്ടി നടപടി നേരിട്ടവരാണെന്നും ഇവർക്ക് വണ്ടി ഏർപ്പാട് ചെയ്തത് ലീഗ്-കോൺഗ്രസ് പ്രവർത്തകരാണെന്നും അദ്ദേഹം ആരോപിച്ചു.

തെറ്റുകൾ തിരുത്തുമെന്ന പ്രതീക്ഷയിലാണ് പി കെ ശശിയെ ഇത്രയും കാലം കൂടെ നിർത്തിയതെന്നും എന്നാൽ ഒരാൾ സ്വയം നശിക്കാൻ തീരുമാനിച്ചാൽ പാർട്ടിക്കൊന്നും ചെയ്യാൻ കഴിയില്ലെന്നും സുരേഷ് ബാബു വിമർശിച്ചു. സിപിഎമ്മിനൊപ്പം നിൽക്കുമ്പോൾ മോശക്കാരനായ ശശിയെ അദ്ദേഹം യുഡിഎഫിനൊപ്പം ചേരുമ്പോൾ നല്ലവനായി ചിത്രീകരിക്കുന്നതാണ് മാധ്യമങ്ങളുടെ രീതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശശിയുടെ ‘തീവ്രത’ ഇനി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അളക്കട്ടെ എന്നും അദ്ദേഹം പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *