തൃശ്ശൂർ: കുന്നംകുളത്തിന് സമീപം അക്കിക്കാവിൽ ഇന്ന് പുലർച്ചെ 2:20-ഓടെയുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വെള്ളറക്കാട് സ്വദേശി വാസുവിന്റെ മകൻ സുധീഷ് (24) ആണ് മരിച്ചത്. സുധീഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ വാഹനങ്ങൾ കൊണ്ടുപോകുന്ന ഗുഡ്സ് ലോറി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.
അപകടത്തിന് ശേഷം ലോറി നിർത്താതെ മുന്നോട്ട് പോയി. തുടർന്ന് അതുവഴി വന്ന മറ്റൊരു ബൈക്ക് യാത്രികൻ ലോറിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. അപകടം നടന്ന് ഏകദേശം അരമണിക്കൂറിന് ശേഷമാണ് സുധീഷിനെ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചത്. എന്നാൽ അപ്പോഴേക്കും അമിതമായ രക്തസ്രാവം കാരണം സുധീഷ് മരണപ്പെട്ടിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസ് തുടർനടപടികൾ സ്വീകരിച്ചു. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് കുന്നംകുളം പോലീസ് അറിയിച്ചു.
