ആര്യവൈദ്യ ഫാർമസി സ്ഥാപകൻ്റെ മകൾ കസ്തൂരി കുട്ടിയെ (74) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് വീട്ടിലെ സഹായിയായിരുന്ന നേപ്പാൾ സ്വദേശിനി സുർജയെയും ഭർത്താവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. കോയമ്പത്തൂർ നഞ്ചുണ്ടപുരത്തെ ഫ്ലാറ്റിൽ കൈകാലുകൾ കെട്ടിയിട്ട നിലയിലായിരുന്നു കസ്തൂരി കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മകൻ വിദേശത്തു പോയ സമയത്ത് കസ്തൂരി കുട്ടിക്കൊപ്പം വീട്ടിലുണ്ടായിരുന്നത് സുർജയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്. വെള്ളിയാഴ്ച രാത്രി സുർജയുടെ പരിചയക്കാരായ മൂന്നുപേർ ഫ്ലാറ്റിലെത്തിയതായും ഇവർക്ക് സുർജ വാതിൽ തുറന്നു നൽകിയതായും ദൃശ്യങ്ങളിൽ വ്യക്തമാണ്. കവർച്ചാ ശ്രമത്തിനിടെ കസ്തൂരി കുട്ടിയുടെ വായിൽ തുണി തിരുകി ശ്വാസം മുട്ടിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം അപ്പാർട്ട്മെൻ്റിൻ്റെ മതിൽ ചാടിക്കടന്നാണ് പ്രതികൾ രക്ഷപ്പെട്ടത്.
സുർജ സംഭവസ്ഥലത്ത് ഉപേക്ഷിച്ച മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ബെംഗളൂരുവിലുണ്ടായിരുന്ന ഭർത്താവിലേക്കും മറ്റ് സംഘാംഗങ്ങളിലേക്കും നീളാൻ പൊലീസിനെ സഹായിച്ചത്. വീട്ടിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ ഉൾപ്പെടെ കവർന്നതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ ചെന്നൈയിലെ ഏജൻ്റിനെ ഉൾപ്പെടെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരുമെന്ന് പൊലീസ് അറിയിച്ചു.
