തിരുവനന്തപുരം: കെഎം ബഷീര്‍ കേസില്‍ സ്പെഷ്യല്‍ പബ്ബിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. സ്പെഷ്യല്‍ പബ്ബിക് പ്രോസിക്യൂട്ടറായി അഡ്വ സന്തോഷിനെ നിയമിക്കാനാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനം. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ബഷീറിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിലവില്‍ കേസില്‍ വിചാരണ പുരോഗമിക്കുകയാണ്.
2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്ക് തിരുവനന്തപുരത്തെ മ്യൂസിയത്തിന് സമീപം വെച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരിച്ചത്. തിരുവനന്തപുരം സ്വദേശിയായ വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു കെഎം ബഷീറിനെ ഇടിച്ച വാഹനം. വാഹനമോടിച്ചത് വഫ ഫിറോസാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ ശ്രമം. വണ്ടിയോടിച്ചത് വഫയാണെന്ന് ആദ്യം പൊലീസും പറഞ്ഞിരുന്നു. എന്നാല്‍, ദൃക്‌സാക്ഷികളും മാധ്യമപ്രവര്‍ത്തകരും ഇടപെട്ടതോടെ ശ്രീറാമിന്റെയും പൊലീസിന്റെയും നീക്കം പൊളിയുകയായിരുന്നു. കേസിലെ ഏക പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ, അപകടകരമായും മദ്യപിച്ചും വാഹനമോടിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ ഗുരുതര വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കേസിന്റെ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്.
