കോഴിക്കോട്: കത്തോലിക്ക സഭയുടെ സെന്റ് പാട്രിക് ചർച്ചിൽ തീപിടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ഒഡീഷ സ്വദേശി ജയദ് നായിക് ആണ് പൊലീസ് പിടിയിലായത്. മദ്യലഹരിയിലാണ് ഇയാൾ കൃത്യം ചെയ്തതെന്നും, പ്രതിക്ക് മാനസികാസ്വാസ്ഥ്യം സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
കോഴിക്കോട് പുഷ്പ ജംഗ്ഷന് സമീപം സ്ഥിതി ചെയ്യുന്ന സെൻ്റ് പാട്രിക്സ് പള്ളിയിലാണ് ശനിയാഴ്ച പുലർച്ചെ തീപിടിത്തം ഉണ്ടായത്. മത ബോധന ക്ലാസ് നടത്തുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. പള്ളി വികാരിയുടെ കാറും, പള്ളിയുടെ രേഖകളും പൂർണ്ണമായും കത്തിനശിച്ചിരുന്നു. ഈ സംഭവത്തിലാണ് പ്രതിയും ഒഡീഷ സ്വദേശിയുമായ ജയദ് നായിക് പൊലീസിൻ്റെ പിടിയിലായത്.
ചാലപ്പുറത്തെ ഭക്ഷണ വിതരണ കേന്ദ്രത്തിൽ വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. ദേവാലയത്തിൽ അതിക്രമിച്ചു കയറുക, കെട്ടിടത്തിന് നാശനഷ്ടം വരുത്തുക, മതസ്പർദ്ധ ഉണ്ടാക്കുക തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ പൊലീസ് ചുമത്തിയത്. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലം, ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. വൈദ്യ പരിശോധനയ്ക്കുശേഷം പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
നാല് ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ പൂർണമായും അണച്ചത്. ഫയർഫോഴ്സിന്റെ കൃത്യമായ ഇടപെടൽ കൊണ്ട് മാത്രമാണ് തീ, പള്ളിയുടെ മറ്റു ഭാഗങ്ങളിലേക്ക് പടരാതെ ഇരുന്നത്. സംഭവത്തിൽ ചെമ്മൻങ്ങാട് പൊലീസിൻ്റെ പഴുതടച്ച അന്വേഷണമാണ് പ്രതിയുടെ അറസ്റ്റിലേക്ക് നയിച്ചത്.
