എറണാകുളം മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസ് കോടതി വീണ്ടും പരിഗണിക്കവെ പ്രതികള്‍ ഇന്നും ഹാജരായില്ല. 8 വര്‍ഷത്തിനിടെ ഒരു തവണ മാത്രമാണ് പ്രതികള്‍ കോടതിയില്‍ വന്നതെന്ന് അഭിമന്യുവിന്റെ സഹോദരന്റെ അഭിഭാഷകന്‍ കോടതി അറിയിച്ചു. ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും അഡ്വ. അരുണ്‍ കുമാര്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ കോടതിക്ക് പുറത്ത് മാധ്യമങ്ങള്‍ ഉള്ളതിനാല്‍ ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് പ്രതിഭാഗം വക്കീല്‍ കോടതിയെ അറിയിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ നില്‍ക്കുന്നതിന്റെ ചിത്രങ്ങളും ഇവര്‍ കോടതിയെ കാണിക്കുകയുണ്ടായി. എന്നാല്‍ വിചാരണ സമയത്ത് എന്തു ചെയ്യുമെന്ന് ആയിരുന്നു കോടതിയുടെ മറുചോദ്യം. മുഴുവന്‍ പ്രതികളും 13ന് ഹാജരാകണമെന്ന് വിചാരണക്കോടതി അറിയിച്ചു.

കേസിലെ മുഴുവന്‍ പ്രതികളോടും ഇന്ന് നേരിട്ട് ഹാജരാകാനാണ് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നത്. 16 പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്. ഐ പി സി 323 വകുപ്പ് ചുമത്തണമെന്ന പോസിക്യൂഷന്‍ ആവശ്യം പരിഗണിച്ച് എറണാകുളം പ്രിന്‍സിപ്പള്‍ സെക്ഷന്‍സ് കോടതി നേരത്തെ ഇതിനായി അനുമതി നല്‍കിയിരുന്നു. അതേസമയം നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശിച്ചിരിക്കുന്നത്. ഇനി സമയം നീട്ടിനല്‍കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *