തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ട് നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പാണ് തനിക്കെതിരെയുള്ള ആരോപണങ്ങളെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. തനിക്കെതിരെ ഉയരുന്ന വിവാദങ്ങൾക്ക് മാധ്യമങ്ങളോട് മറുപടി നൽകുകയായിരുന്നു മന്ത്രി. ഇതൊന്നും കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമല്ല. മുൻപും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. പ്രണയം ഒരിക്കലും ഒരു കുറ്റമല്ല. പ്രണയം എല്ലാവർക്കുമുണ്ടെന്ന് എന്നും അദ്ദേഹം പറഞ്ഞു.
ആരോപണം ശരിയാണെങ്കിലും, അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യം മാത്രമാണ്.
താനൊരു പൊതു പ്രവർത്തകനാണ്. താൻ ഒരു നല്ല ജനപ്രതിനിധിയാണോ, ജനങ്ങൾക്കൊപ്പം നിൽക്കുന്നുണ്ടോ, അഴിമതി നടത്തുന്നുണ്ടോ എന്നിവയാണ് ജനങ്ങൾ പരിശോധിക്കേണ്ടത്. ജനങ്ങളുടെ കണ്ണീരൊപ്പാൻ താൻ എപ്പോഴും ഒപ്പമുണ്ടെന്നും വികസന കാര്യങ്ങളിലാണ് ജനങ്ങൾ ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിയൊന്നും ചെയ്തിട്ടില്ല. പത്തനാപുരത്തുകാർ തനിക്കെതിരായ ആരോപണം വിശ്വസിക്കില്ലെന്നും തന്നെക്കുറിച്ച് അവർക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. താൻ എന്ന് മത്സരിക്കാൻ തുടങ്ങിയോ അന്ന് മുതൽ ഇത്തരം ആരോപണങ്ങൾ കേൾക്കുന്നുണ്ടെന്നും ഇതിന് പിന്നിൽ കോൺഗ്രസും ചില മുൻ ബിജെപി പ്രവർത്തകരുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
