തെന്നിന്ത്യൻ നടി തൃഷയ്‌ക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങളിൽ ഒടുവിൽ വിശദീകരണവുമായി സംവിധായകനും നടനുമായ പാർത്ഥിപൻ രംഗത്ത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താൻ ഈ വിവാദങ്ങൾ അവസാനിപ്പിക്കുകയാണെന്ന് താരം വ്യക്തമാക്കിയത്. തന്റെ വാക്കുകൾക്കെതിരെ വലിയ രീതിയിൽ പ്രതിഷേധങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് പാർത്ഥിപന്റെ ഈ പിന്മാറ്റം.

ഒരു സ്വകാര്യ അവാർഡ് ദാന ചടങ്ങിൽ വെച്ചായിരുന്നു പാർത്ഥിപൻ തൃഷയെക്കുറിച്ച് വിവാദമായ രീതിയിൽ സംസാരിച്ചത്. ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിൽ തൃഷ അവതരിപ്പിച്ച കുന്ദവൈ എന്ന കഥാപാത്രത്തെക്കുറിച്ച് അവതാരകർ ചോദിച്ചപ്പോൾ, “ഈ കുന്ദവൈയെ കുറച്ചു ദിവസത്തേക്ക് വീട്ടിലിരുത്തുന്നതാണ് നല്ലത്, അവരെ പുറത്തുവിടരുത്” എന്നായിരുന്നു പാർത്ഥിപന്റെ മറുപടി. ഇത് തൃഷയെ അപമാനിക്കുന്നതാണെന്ന തരത്തിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു.

പാർത്ഥിപന്റെ പരാമർശത്തിന് തൃഷയും ശക്തമായ ഭാഷയിൽ മറുപടി നൽകിയിരുന്നു. “ബുദ്ധിപരമായി സംസാരിക്കാൻ ശ്രമിക്കുന്നത് മണ്ടത്തരമായി മാറുന്നു” എന്നും “അറിവില്ലാത്ത അസഭ്യ വാക്കുകൾ അത് പറയുന്നയാളുടെ നിലവാരമാണ് കാണിക്കുന്നത്” എന്നും തൃഷ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇതോടെ സിനിമാ ലോകത്ത് വിവാദം കടുത്തു.

ഇതിനെക്കുറിച്ചുള്ള തന്റെ ഭാഗം വിശദീകരിക്കുമ്പോൾ കൂടുതൽ പാർശ്വഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കുന്നുവെന്നും, അതിനാൽ ഈ വിഷയത്തെക്കുറിച്ച് ഇനി സംസാരിക്കില്ലെന്നും പാർത്ഥിപൻ പുതിയ വീഡിയോയിൽ പറഞ്ഞു. “ഇവിടെ വെച്ച് ഇത് അവസാനിപ്പിക്കുന്നതാണ് നല്ലത്” എന്ന നിലപാടോടെ വിവാദങ്ങൾക്ക് വിരാമമിടാനാണ് പാർത്ഥിപൻ ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *