അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ അനുപമയുടെ അച്ഛന് പി എസ് ജയചന്ദ്രന് എതിരെ സിപിഎം നടപടി. പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് ജയചന്ദ്രനെ നീക്കി.പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതിനും വിലക്കുണ്ട് . സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചു.
താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അനുപമയുടെ അറിവോടെയാണ് കുട്ടിയെ കൈമാറിയതെന്നും ദത്ത് വിഷയം ചർച്ച ചെയ്യാൻ വിളിച്ച സിപിഎം പേരൂർക്കട ലോക്കൽ കമ്മറ്റി യോഗത്തില്‍ ജയചന്ദ്രന് വിശദീകരിച്ചു. എന്നാല്‍ പാര്‍ട്ടി അംഗങ്ങളില്‍ നിന്നും ഇതില്‍ എതിര്‍പ്പുണ്ടായി. പാര്‍ട്ടിയുടെ പ്രതിച്ഛായ തന്നെ നശിപ്പിക്കുന്ന രീതിയില്‍ ഈ വിഷയം മാറിയെന്നും ജയചന്ദ്രന് ശരിയായ രീതിയില്‍ ഈ വിഷയം കൈകാര്യം ചെയ്യാമായിരുന്നെന്നും പാര്‍ട്ടിക്കാകെ പ്രതിരോധത്തിലേക്ക് പോകേണ്ട സാഹചര്യം ഉണ്ടായെന്നും നേതാക്കള്‍ നിലപാടെടുത്തു.ഇതിന് പിന്നാലെയാണ് ജയചന്ദ്രന് വഹിക്കുന്ന എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. ലോക്കല്‍ കമ്മിറ്റി തീരുമാനം ഉച്ചയ്ക്ക് ചേരുന്ന ഏര്യാ കമ്മിറ്റി യോഗത്തില്‍ അംഗീകരിക്കും.
