ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ സ്വീകരിച്ചിരുന്ന മുൻ നിലപാട് തിരുത്തി സംസ്ഥാന സർക്കാർ. യുവതീപ്രവേശത്തെ അനുകൂലിച്ചിരുന്ന നിലപാടിൽ നിന്ന് മലക്കംമറിഞ്ഞ സർക്കാർ, ഇനി ശബരിമലയിൽ ആചാര സംരക്ഷണം വേണമെന്ന ആവശ്യമാകും കോടതിയിൽ ഉന്നയിക്കുക. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, വിശ്വാസികളെ അനുനയിപ്പിക്കാനും ഒപ്പം നിർത്താനുമാണ് സർക്കാരിന്റെ ഈ നിർണ്ണായക നീക്കം.

2018-ലെ യുവതീപ്രവേശ വിധിക്ക് പിന്നാലെ നവോത്ഥാന സമിതിയും വനിതാ മതിലുമായി വിധിയെ ശക്തമായി പിന്തുണച്ച സർക്കാർ, പുനഃപരിശോധനാ ഹർജികൾ പരിഗണിച്ചപ്പോഴും വിധി നടപ്പിലാക്കണമെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരത്തെ നിലപാട് മാറ്റിയതിന് പിന്നാലെ ഇപ്പോൾ സർക്കാരും ആചാരങ്ങൾക്കൊപ്പം നിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. നാളെ കോടതിയിൽ സർക്കാർ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കും.

അതേസമയം, കേസിലെ പ്രധാന ഹർജിക്കാരായ ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ യുവതീപ്രവേശത്തെ അനുകൂലിച്ച് ഇന്നും വാദങ്ങൾ നിരത്തി. ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ മാറ്റിനിർത്തുന്നത് അവരുടെ അന്തസ്സിനെ ബാധിക്കുന്നതാണെന്നും മതപരമായ ആചാരങ്ങളെ പൊതുതാൽപര്യ ഹർജിയിലൂടെ ചോദ്യം ചെയ്യാമെന്നുമാണ് സംഘടനയുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *