കൊച്ചി, മാർച്ച് 17, 2026: ഐഎസ്എൽ 2025-26 സീസണിന്റെ ഭാഗമായി യുവ വിങ്ങർ ടൈസൺ സിംഗിനെ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി സ്വന്തമാക്കി. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സീസണിൽ കളിക്കുന്നതിനായി താരം ഇതിനോടകം തന്നെ ടീമിനൊപ്പം ചേർന്നു കഴിഞ്ഞു.
മോഹൻ ബഗാൻ സൂപ്പർ ജയന്റിന്റെ റിസർവ് ടീമിൽ നിന്നാണ് ഇരുപത്തിയൊന്നുകാരനായ ടൈസൺ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. ആക്രമണ ഫുട്ബോളിൽ ശ്രദ്ധേയനായ ടൈസൺ, വിങ്ങുകളിൽ മികവ് പുലർത്തുന്നതിനൊപ്പം മധ്യനിരയിലും മുന്നേറ്റനിരയിലും ഒരുപോലെ തിളങ്ങാൻ കെൽപ്പുള്ള താരമാണ്.
മണിപ്പൂരിൽ നിന്നുള്ള ഈ യുവതാരം ഇന്ത്യയുടെ അണ്ടർ 20 ദേശീയ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഐ ലീഗ്, റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്മെന്റ് ലീഗ്, മറ്റ് പ്രധാന കപ്പ് ടൂർണമെന്റുകൾ എന്നിവയിൽ കളിച്ച് മികച്ച പരിചയസമ്പത്തുമായാണ് ടൈസൺ ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ചണ്ഡീഗഡ് ഫുട്ബോൾ അക്കാദമിയിലൂടെ വളർന്ന ടൈസൺ, 2020-21 സീസണിൽ എഐഎഫ്എഫിന്റെ ഇന്ത്യൻ ആരോസിലൂടെയാണ് പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. പിന്നീട് 2022-23 സീസണിൽ മോഹൻ ബഗാൻ റിസർവ് ടീമിലെത്തി.
താരത്തെ സ്വാഗതം ചെയ്തുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് സിഇഒ അഭിക് ചാറ്റർജി പറഞ്ഞു: “ഈ പ്രായവിഭാഗത്തിലെ ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളായ ടൈസണെ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്. തന്റെ കഴിവുകൾ പുറത്തെടുക്കാനും ഈ സീസണിൽ ടീമിനെ സഹായിക്കാനും അദ്ദേഹത്തിന് ഈ വേദി ഉപകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.”
ടീമിനൊപ്പം ചേർന്ന ടൈസൺ സിംഗ് വരും മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് നിരയിൽ സെലക്ഷന് ലഭ്യമാകും.
