നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും എം കെ മുനീര്‍ സ്വയം മാറിനിന്നതാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി ഷിഹാബ് തങ്ങള്‍. എം കെ മുനീര്‍ ഉള്‍പ്പെടെയുളള നേതാക്കളുമായി കൂടിയാലോചിച്ചാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതെന്നും പ്രഖ്യാപനത്തിന് മുന്നേ തന്നെ അദ്ദേഹവുമായി ആശയവിനിമയം നടത്തിയിരുന്നെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. കാര്യങ്ങള്‍ നല്ല നിലയില്‍ പോകട്ടെ, താന്‍ മാറി നില്‍ക്കുന്നതാണ് നല്ലത് എന്നാണ് മുനീര്‍ പറഞ്ഞതെന്നും അദ്ദേഹം വളരെ തൃപ്തനാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ആരുംതന്നെ അവകാശവാദം ഉന്നയിച്ച് വന്നിട്ടില്ലെന്നും പാര്‍ട്ടി തീരുമാനിക്കുന്നത് അനുസരിക്കാന്‍ തയ്യാറാണെന്നാണ് എല്ലാവരും പറഞ്ഞതെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി.

‘പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളുമായും സമയമെടുത്ത് തന്നെ കൂടിയാലോചന നടത്തിയിട്ടുണ്ട്. മണ്ഡലം തലങ്ങളിലും ജില്ലാ തലങ്ങളിലും പഞ്ചായത്ത് തലങ്ങളിലും വരെ നേതാക്കന്മാരുമായി കൂടിയാലോചന നടത്തി. അവരുടെ അഭിപ്രായങ്ങളൊക്കെ പരിഗണിച്ചു. ചെറുപ്പക്കാരാണ് കൂടുതലും വോട്ടര്‍മാരായി ഉളളത്. അതുകൊണ്ടുതന്നെ അവര്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കണമെന്ന് പാര്‍ട്ടിക്ക് നേരത്തെ തന്നെ തീരുമാനമുണ്ടായിരുന്നു. ആരുംതന്നെ നേരത്തെ അവകാശവാദം ഉന്നയിച്ച് വന്നിട്ടില്ല. പാര്‍ട്ടി എന്താണോ തീരുമാനിക്കുന്നത് അത് അനുസരിക്കാന്‍ തയ്യാറാണ് എന്ന നിലയ്ക്കാണ് എല്ലാവരും ഇങ്ങോട്ട് തന്നെ പറഞ്ഞത്. പാര്‍ട്ടി തീരുമാനത്തോട് ആരും അതൃപ്തി പ്രകടിപ്പിച്ചിട്ടില്ല’ എന്നാണ് സാദിഖ് അലി തങ്ങള്‍ പറഞ്ഞത്.

മുസ്‌ലിം ലീഗ് ഫാത്തിമ തഹലിയയെയും ജയന്തി രാജനെയും സ്ഥാനാർത്ഥിയാക്കിയതിന് പിന്നാലെ വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ്  അതൃപ്തി പ്രകടമാക്കി രംഗത്തെത്തിയിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *