തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽനിന്ന് രാജകുടുംബാംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായിയുടെ അമൂല്യമായ വജ്രാഭരണങ്ങളും പുരാതന സ്വർണശേഖരവും മോഷണം പോയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഏകദേശം രണ്ട് കോടി രൂപയിലധികം മൂല്യം കണക്കാക്കുന്ന ശേഖരമാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ കൊട്ടാരത്തിലെ ജീവനക്കാർ, താമസക്കാർ, സന്ദർശകർ എന്നിവരിൽനിന്ന് പൊലീസ് വിശദമായ മൊഴിയെടുത്തു.
കഴിഞ്ഞ ഒക്ടോബറിലാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. നവംബറിൽ ബെംഗളൂരുവിലേക്ക് പോകാനായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം ഗൗരി ലക്ഷ്മിബായി അറിയുന്നത്. കൊട്ടാരത്തിൽ വിശദമായ പരിശോധന നടത്തിയിട്ടും കണ്ടെത്താനാവാത്തതിനെത്തുടർന്നാണ് ഇപ്പോൾ പൊലീസിൽ ഔദ്യോഗിക പരാതി നൽകിയത്. ചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവ് സമ്മാനിച്ച അമൂല്യമായ ആഭരണങ്ങളും മോഷണം പോയവയിൽ ഉൾപ്പെടുന്നു.
ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം കൊട്ടാരത്തിലെത്തി വിരലടയാളങ്ങൾ ശേഖരിച്ചു. കൊട്ടാരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാകാം മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം. ആഭരണങ്ങൾ പലപ്പോഴായി കടത്തിയതാകാമെന്നും കരുതപ്പെടുന്നു. കൊട്ടാരത്തിലെ പുരാതന വസ്തുക്കളെയും കാറുകളെയും കുറിച്ച് വീഡിയോ ചിത്രീകരിക്കാനെത്തിയ ചില യൂട്യൂബർമാരെ പൊലീസ് ചോദ്യം ചെയ്യും. ഇവർ പകർത്തിയ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിനുപുറമെ വിദേശി സന്ദർശകരുടെ വിവരങ്ങളും പരിശോധിച്ചു വരികയാണ്.
മോഷണം പോയ പ്രത്യേകതരം പുരാതന ആഭരണങ്ങൾ വിൽപനയ്ക്കായി നഗരത്തിലെ ജ്വല്ലറികളിൽ എത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മോഷണം നടന്നിട്ട് മാസങ്ങൾ കഴിഞ്ഞതിനാൽ സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കുന്നതിൽ വെല്ലുവിളിയുണ്ട്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കും. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കൊട്ടാരത്തിലെ ബാക്കി ആഭരണങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.
