കൊച്ചി: നെടുമ്പാശേരിക്ക് സമീപം വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ 18-കാരൻ ആർ.പി.എഫ് പിടിയിലായി. പ്രണയബന്ധം തകർന്നതിലുള്ള കടുത്ത നിരാശയും സങ്കടവും മൂലമാണ് ട്രെയിനിന് നേരെ കല്ലെറിഞ്ഞതെന്ന് പ്രതി മൊഴി നൽകി. രണ്ടാഴ്ച നീണ്ട തിരച്ചിലിനൊടുവിൽ ആലുവ അകപ്പറമ്പ് ഭാഗത്തുനിന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.

മാർച്ച് ഏഴിന് രാത്രി 7.10-ഓടെ ആലുവയ്ക്കും അങ്കമാലിക്കുമിടയിൽ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമാണ് സംഭവം നടന്നത്. തിരുവനന്തപുരം- മംഗലാപുരം വന്ദേഭാരതിന്റെ C-9 കോച്ചിന്റെ ലാമിനേറ്റഡ് ചില്ലിന് കല്ലേറിൽ പോറലുണ്ടായിട്ടുണ്ട്. കാമുകിയുമായി വേർപിരിഞ്ഞ ദുഃഖത്തിൽ റെയിൽവേ ട്രാക്കിന് സമീപം ഇരിക്കുമ്പോഴാണ് ട്രെയിൻ വരുന്നത് കണ്ടത്. മൂന്ന് തവണ കല്ലെറിഞ്ഞു. ഇതിൽ ഒരു കല്ലാണ് ട്രെയിനിൽ കൊണ്ടത്.

വന്ദേഭാരതിന്റെ പുറത്തുള്ള സി.സി.ടി.വി ക്യാമറകളിൽ നിന്ന് ദൃശ്യങ്ങൾ ലഭിച്ചെങ്കിലും പ്രതിയുടെ മുഖം വ്യക്തമായിരുന്നില്ല. തുടർന്ന് ആർ.പി.എഫ് സംഘം ട്രാക്കിന് സമീപം സ്ഥിരമായി എത്തുന്നവരുടെ പട്ടിക തയ്യാറാക്കി വിപുലമായ അന്വേഷണം നടത്തി. ദിവസങ്ങളോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞതും അറസ്റ്റ് രേഖപ്പെടുത്തിയതും.

Leave a Reply

Your email address will not be published. Required fields are marked *