തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തവരെ ചേർത്ത് നിർത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ഥാനാർത്ഥി നിർണ്ണയത്തിന് പിന്നാലെ പാർട്ടിയിലുണ്ടായ ആഭ്യന്തര കലഹങ്ങളും യുവനേതാക്കളുടെ കൊഴിഞ്ഞുപോക്കും തടയാൻ അടിയന്തര നടപടികളുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയിരിക്കുകയാണ്. അസംതൃപ്തരായ നേതാക്കളെ അനുനയിപ്പിക്കാനും അവർക്ക് ഉചിതമായ പദവികൾ നൽകി പാർട്ടിയോട് ചേർത്തുനിർത്താനുമാണ് നിലവിലെ നീക്കം.
ഇതിന്റെ ഭാഗമായി എഐസിസി നിരീക്ഷകനായ സച്ചിൻ പൈലറ്റ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഉടൻ കേരളത്തിലെത്തും. പലയിടങ്ങളിലും സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രതിഷേധിച്ച് യുവനേതാക്കളും പ്രമുഖരും പാർട്ടി വിടുന്നത് നേതൃത്വത്തെ വലിയ രീതിയിൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
വിമതശബ്ദം ഉയർത്തുന്നവർക്ക് പിന്നാലെ ഉടൻ തന്നെ അനുനയ ചർച്ചകളുമായി മുതിർന്ന നേതാക്കളെ നിയോഗിക്കാനാണ് ഹൈക്കമാൻഡ് നൽകിയിരിക്കുന്ന നിർദ്ദേശം. തിരഞ്ഞെടുപ്പിന് മുൻപ് എല്ലാവരെയും ഒന്നിച്ച് ചേർത്തുനിർത്തി മുന്നോട്ട് പോകാനാണ് കെപിസിസിയും എഐസിസിയും ഇപ്പോൾ ലക്ഷ്യമിടുന്നത്. പാർട്ടിയോട് വിമുഖത കാട്ടുന്നവർക്ക് അർഹമായ പരിഗണനയും സംഘടനയിൽ പുതിയ ചുമതലകളും വാഗ്ദാനം ചെയ്ത് കൂടെനിർത്താനാണ് പ്രധാനമായും ശ്രമിക്കുന്നത്.
