കോട്ടയം: വള്ളത്തിൽ യാത്ര ചെയ്ത് മീൻപിടിക്കുന്ന വീഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ യുട്യൂബർ കഞ്ചാവുമായി പിടിയിൽ. വെള്ളൂർ വടകര അരിഞ്ഞാമൂഴി സ്വദേശി അഭിജിത്ത് സാബുവിനെയാണ് (29) തലയോലപ്പറമ്പ് പോലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്. ഇയാളിൽ നിന്ന് 580 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു.
ചെറിയ വള്ളത്തിൽ പുഴയിലൂടെ യാത്ര ചെയ്ത് ചൂണ്ടയിടുന്നതും മീൻ പിടിക്കുന്നതും റീൽസുകളായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നതായിരുന്നു അഭിജിത്തിന്റെ രീതി. കടവിൽ കെട്ടിയിട്ടിരുന്ന വള്ളത്തിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം ഇയാളെ വളഞ്ഞത്. കടവിൽ പരിശോധന നടത്തിയ പോലീസ് വള്ളത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. യുവതികളുൾപ്പെടെയുള്ള ആവശ്യക്കാർക്ക് വിതരണം ചെയ്യാനായി എത്തിച്ചതാണ് ഈ ലഹരിമരുന്നെന്ന് പൊലീസ് പറഞ്ഞു.
