മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി ഇരട്ട ചങ്കൻ അല്ല, ഇരട്ടത്താപ്പുള്ള ആളാണ്. ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുന്നു. വീട്ടിൽ പോയല്ല മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കുകയെന്നും വി ഡി സതീശൻ പറഞ്ഞു.

ജനങ്ങൾ ദുരിതത്തിലാണെന്നും സർക്കാരില്ലായ്മയാണ് കേരളത്തിലെന്നും വിഡി സതീശൻ പറഞ്ഞു. നികുതി പണമെടുത്ത് സർക്കാർ ദൂർത്തടിച്ചു. പിആർ വർക്കിന്‌ കോടികൾ ചിലവഴിക്കുന്നു. പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ റേഷൻ മുടങ്ങി. ഉമ്മൻ ചാണ്ടിയുടെ കാലത്ത് പെൻഷൻ മുടങ്ങിയെന്നത് മുഖ്യമന്ത്രി പച്ചക്കള്ളം പറയുകയാണെന്ന് വിഡി സതീശൻ പറഞ്ഞു.

തീവ്ര വലതുപക്ഷ പാർട്ടിയാണ് ഇന്നത്തെ കമ്മ്യുണിസ്റ്റ് പാർട്ടിയെന്ന് സതീശൻ വിമർശിച്ചു. 50 വർഷം കൂടെ നടന്ന ജി. സുധാകരനെ മുഖ്യമന്ത്രി വിളിച്ചത് ചെറ്റയെന്നാണ്. മുഖ്യമന്ത്രിക്ക് വിധേയത്വം കാണിക്കുന്നവരാണ് നേതാക്കൾ. ആ വിധേയത്വം ഒഴിവാക്കിയാണ് പി കെ ശശി സിപിഐഎം വിട്ട് യുഡിഎഫിൽ എത്തിയതെന്ന് അദേഹം പറഞ്ഞു. അവൾക്കൊപ്പം എന്നെഴുതിയ ചായ കപ്പ്‌ പിടിച്ചു കൊണ്ടിരിക്കുന്ന മുഖ്യമന്ത്രി അവന്മാർക്കൊപ്പമാണെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിൽ എത്തും. നിയമസഭയിൽ പി. കെ ശശിയുണ്ടാകും. പി കെ ശശിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം തെങ്ങിൻതോപ്പ് കൈ ചിഹ്നം എന്ന് കരുതണം. പി. കെ ശശി യുഡിഎഫിന്റെ അഭിമാനമാണ്. കൊള്ളക്കാരുടെ സർക്കാരിനെതിരെയുള്ള പ്രതിഷേധം ഉണ്ടാകുമെന്ന് വിഡി സതീശൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *