കേരളത്തില്‍ യു.ഡി.എഫിനായി പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി നേമത്ത് പ്രചാരണത്തിന് എത്താതിരുന്നതില്‍ അതൃപ്തിയറിയിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്.പ്രിയങ്കയെ നേരിട്ട് കണ്ട് അതൃപ്തിയറിയിച്ച മുരളീധരൻ, നേമം മണ്ഡലത്തിൽ എത്തിയില്ലെങ്കിൽ അത് മറ്റ് പല വ്യാഖ്യാനങ്ങളുമുണ്ടാക്കുമെന്നും മുന്നറിയിപ്പ് നൽകി. തുടർന്ന് ഏപ്രിൽ മൂന്നിന് കേരളത്തിൽ വീണ്ടും എത്താമെന്ന് പ്രിയങ്ക ഉറപ്പ് നൽകി. കഴക്കൂട്ടം, നേമം മണ്ഡലങ്ങളിലെ പ്രചാരണത്തിനാണ് മൂന്നാം തീയതി അവര്‍ വീണ്ടുമെത്തുക.
ബി.ജെ.പിയുമായി നേരിട്ട് മത്സരം നടക്കുന്ന ദേശീയ ശ്രദ്ധ നേടിയ നേമത്ത്, ഹെക്കമാന്‍ഡിന്റെ നിര്‍ദ്ദേശാനുസരം മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിക്കായി പ്രചാരണത്തിന് പ്രിയങ്ക ഇറങ്ങാത്തത് വലിയ തിരിച്ചടിയാകുമെന്നുമാണ് മുരളീധരന് പ്രിയങ്കയെ അറിയിച്ചത്.
നേമത്ത് പ്രചാരണ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നുണ്ടെന്ന് മുരളീധരൻ പറഞ്ഞു. ചില പ്രത്യേക സാഹചര്യങ്ങൾ കാരണമാണ് റോഡ് ഷോ നടക്കാതിരുന്നത്. കഴിഞ്ഞ തവണ ശശി തരൂർ അനുഭവിച്ചതിന്റെ പകുതി പ്രശനം ഇപ്പോഴില്ലെന്നും മുരളീധരൻ പറഞ്ഞു.
