മലപ്പുറം: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിക്കുകയും വ്യാജ ചിത്രങ്ങൾ കാട്ടി കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി മുഹമ്മദ് റോഷനായുള്ള തിരച്ചിൽ പോലീസ് ശക്തമാക്കി. കാപ്പ നിയമപ്രകാരം നേരത്തെ നടപടി നേരിട്ടിട്ടുള്ള റോഷൻ നിലവിൽ ഒളിവിലാണ്. ഇയാൾ ജില്ല വിട്ടതായാണ് സൂചന.

സാദിഖലി തങ്ങളുടെ ബന്ധുവായ മുഈനലി തങ്ങൾ നൽകിയ പരാതിയിലാണ് പെരിന്തൽമണ്ണ പോലീസ് കേസെടുത്തത്. ജനുവരി 31-ന് മുഈനലി തങ്ങളെയും സുഹൃത്തിനെയും പെരിന്തൽമണ്ണയിലെ ഒരു ഷോപ്പിംഗ് മാളിലേക്ക് വിളിച്ചുവരുത്തിയ പ്രതി, തങ്ങളുടേതെന്ന പേരിൽ ചില വ്യാജ ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ ചിത്രങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ 15 കോടി രൂപ വേണമെന്നായിരുന്നു ആവശ്യം. പണം നൽകാൻ തയ്യാറാകാതിരുന്നതോടെ ഷാൻ ഷാനു എന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ വഴി തങ്ങൾക്കെതിരെ അധിക്ഷേപ പോസ്റ്റുകൾ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് കരുതുന്നു.

മുസ്ലിം ലീഗ് നൽകിയ പരാതിയിൽ സൈബർ പോലീസ് അന്വേഷണം തുടങ്ങിയതോടെ ഈ ഫേസ്ബുക്ക് അക്കൗണ്ട് അപ്രത്യക്ഷമായിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ മാത്രമേ ഈ ബ്ലാക്ക് മെയിലിംഗിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്ന് വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. പ്രതിക്കെതിരെ വധഭീഷണി, കലാപശ്രമം, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *