മുംബൈ: ബാങ്കോക്കിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന അതീവ വീര്യമേറിയ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മുൻ മിസ്സിസ് കേരള മത്സരാർത്ഥി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റിലായി. 2025-ലെ മിസ്സിസ് കേരള സൗന്ദര്യമത്സരത്തിലെ റണ്ണറപ്പും മോഡലുമായ ഹർഷ സണ്ണി (28) ആണ് എയർ ഇന്റലിജൻസ് യൂണിറ്റിന്റെയും കസ്റ്റംസ് വകുപ്പിന്റെയും സംയുക്ത പരിശോധനയിൽ പിടിയിലായത്. ഇവരിൽനിന്ന് 11.82 കോടി രൂപ വിലമതിക്കുന്ന 11 കിലോയിലധികം ഹൈഡ്രോപോണിക് കഞ്ചാവ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

ജൂൺ പത്തിന് രാത്രി ബാങ്കോക്കിൽനിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഹർഷ. പ്രമുഖ സ്വകാര്യ ബാങ്കിൽ റിലേഷൻഷിപ്പ് മാനേജരായും ഇവർ ജോലി ചെയ്യുന്നുണ്ട്. വിമാനത്താവളത്തിലെ പതിവ് നിരീക്ഷണങ്ങൾക്കിടെ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തുകയും തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ലഹരിമരുന്ന് കണ്ടെത്തുകയുമായിരുന്നു.

ഹർഷയുടെ ട്രോളി ബാഗ് പരിശോധിച്ച ഉദ്യോഗസ്ഥർ വാക്വം സീൽ ചെയ്ത 12 പ്ലാസ്റ്റിക് പാക്കറ്റുകളിലാക്കി അതീവ രഹസ്യമായി സൂക്ഷിച്ച നിലയിലാണ് പച്ചനിറത്തിലുള്ള വസ്തു കണ്ടെത്തിയത്. തുടർന്ന് നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് കിറ്റ് ഉപയോഗിച്ച് നടത്തിയ രാസപരിശോധനയിൽ ഇത് വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്ന ഉയർന്ന ഗുണനിലവാരമുള്ള ഹൈഡ്രോപോണിക് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു. രാജ്യാന്തര വിപണിയിൽ കിലോഗ്രാമിന് കോടികൾ വിലവരുന്ന മയക്കുമരുന്നാണ് ഇതെന്നും പിടിച്ചെടുത്ത ആകെ ലഹരിവസ്തുക്കൾക്ക് 11.82 കോടി രൂപ മൂല്യമുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ലഹരിമരുന്ന് കടത്താൻ ശ്രമിച്ചതിന് എൻ.ഡി.പി.എസ് നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ ഹർഷ സണ്ണിയെ മുംബൈയിലെ ഫോർട്ട് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അതേസമയം, ബാങ്കോക്ക് സന്ദർശനത്തിനിടെ പരിചയപ്പെട്ട ഒരാൾ തന്നെ ചതിച്ചതാണെന്നും തനിക്ക് ഇതിന്റെ ഉള്ളടക്കത്തെക്കുറിച്ച് അറിയില്ലായിരുന്നു എന്നുമാണ് പ്രതിഭാഗം അഭിഭാഷകൻ മുഖേന ഹർഷ കോടതിയെ അറിയിച്ചിട്ടുള്ളത്. നെയിൽ ആർട്ട്, മോഡലിംഗ് മേഖലകളിലെ പുതിയ സാധ്യതകൾ തേടിയാണ് താൻ ബാങ്കോക്കിൽ പോയതെന്നും ഹർഷ അവകാശപ്പെടുന്നു. എന്നാൽ രാജ്യാന്തര ലഹരിക്കടത്ത് സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ കസ്റ്റംസ് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *