കുറ്റ്യാടി: തോടന്നൂരില്‍ വീടിന് ബോംബെറിഞ്ഞ കേസിലെ പ്രതികള്‍ക്ക് സ്വീകരണം നല്‍കിയതിലൂടെ എന്ത് സന്ദേശമാണ് സിപിഎം സമൂഹത്തിന് നല്‍കുന്നതെന്ന് വ്യക്തമാക്കണമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ല. കണ്ണൂരില്‍ ആരോഗ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിനാണ് കെ എസ് യു നേതാവ് ബിതുല്‍ ബാലന്റെ അഛനും അമ്മയും ഉറങ്ങിക്കിടക്കുമ്പോള്‍ അര്‍ധരാത്രി വീട്ടിലേക്ക് ബോംബെറിഞ്ഞത്. വലിയ വിഷയമായപ്പോള്‍ പൊലീസ് അന്വേഷിച്ചു. സിസി ടിവി പരിശോധിച്ച് പ്രതികളെ കണ്ടെത്തി. പ്രതികളില്‍ ഒരാള്‍ അധ്യാപകന്‍ കൂടിയായിരുന്നു. റിമാന്റിലായ പ്രതികള്‍ ജയിലില്‍നിന്നു വരുമ്പോള്‍ സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും മുന്നൂറോളം പ്രവര്‍ത്തകര്‍ ഹാരമണിയിച്ച് അവരെ സ്വീകരിക്കുകയായിരുന്നു. ഇതുവഴി എന്തു സന്ദേശമാണ് സമൂഹത്തിന് തങ്ങള്‍ നല്‍കുന്നതെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണം.

കെ എസ് യു നേതാവ് ബിതുല്‍ ബാലന്റെ വീട് കുറ്റ്യാടി എംഎല്‍എ സന്ദര്‍ശിച്ചിരുന്നു. പ്രതികളെ പിടികൂടണമെന്ന് അദ്ദേഹവും ആവശ്യപ്പെട്ടിരുന്നു. പ്രതികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന പാര്‍ട്ടി പിന്തുണയെ കുറിച്ച് നിലവിലെ എംഎല്‍എ നിലപാട് വ്യക്തമാക്കണമെന്നും പാറക്കല്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *