കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാകണമെന്ന രാഹുൽ ഗാന്ധിയുടെ ആഗ്രഹത്തിന് പൂർണ്ണ പിന്തുണയുമായി യുഡിഎഫ് സ്ഥാനാർത്ഥികളായ ബിന്ദു കൃഷ്ണയും ഉമ തോമസും രംഗത്തെത്തി. ഈ സ്വപ്നം ഇന്നല്ലെങ്കിൽ നാളെ യാഥാർത്ഥ്യമാകുമെന്നും രാഷ്ട്രീയ രംഗത്തെ സ്ത്രീകൾക്ക് രാഹുൽ ഗാന്ധിയുടെ വാക്കുകൾ വലിയ പ്രചോദനമാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. കോൺഗ്രസ് എക്കാലത്തും സ്ത്രീകൾക്ക് അർഹമായ പരിഗണന നൽകിയിട്ടുണ്ടെന്നും എന്നാൽ സിപിഎമ്മിൽ നിന്ന് ഇത്തരമൊരു മാറ്റം പ്രതീക്ഷിക്കേണ്ടതില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഒരു വനിതാ ജില്ലാ സെക്രട്ടറിയെ പോലും നിയമിക്കാൻ തയ്യാറാകാത്ത പാർട്ടിയാണ് സിപിഎം എന്നും ബിന്ദു കൃഷ്ണ വിമർശിച്ചു.
ഇന്ദിരാഗാന്ധിയെ മാതൃകയാക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ് എന്ന് ഉമ തോമസ് പറഞ്ഞു. കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി വരുന്നതിനായി കാത്തിരിക്കുകയാണ്. അർഹതപ്പെട്ടവർക്കാണ് കോൺഗ്രസ് സീറ്റുകൾ നൽകുന്നത്. അവിടെ സ്ത്രീ-പുരുഷ വ്യത്യാസമില്ലെന്നും പ്രവർത്തന മികവാണ് മാനദണ്ഡമെന്നും ഉമ തോമസ് വ്യക്തമാക്കി.
