വയനാട്-ചൂരൽമലയ്ക്ക് വേണ്ടി പിരിച്ച ഫണ്ട് എവിടെയെന്ന് സതീശൻ പറഞ്ഞില്ല. പണി പൂർത്തിയാക്കിയാൽ കണക്ക് പറയുമെന്നാണ്. ആറ് മാസം കഴിഞ്ഞാലും അവിടെ പണി തുടങ്ങില്ല. ഇതെല്ലാം ജനങ്ങളെ പറ്റിക്കാനുള്ള പ്രചാരണം ആണെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വർഗീയതയ്‌ക്കെതിരെ ശരിയായ നടപടികൾ സ്വീകരിച്ച് ഇടതുപക്ഷം മുന്നോട്ട് പോകുമ്പോൾ, വികസന കാര്യങ്ങൾ ചർച്ച ചെയ്യാൻ യുഡിഎഫും ബിജെപിയും തയ്യാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിലെ വികസനങ്ങളെ അപ്പാടെ എതിർക്കുന്ന നിലപാടാണ് കോൺഗ്രസിന്റേത്. ദേശീയപാത വികസനത്തിന് വേണ്ടി കിഫ്ബി വഴി 5080 കോടി രൂപയാണ് സംസ്ഥാന സർക്കാർ നൽകിയത്. എന്നാൽ ഇത്തരം വികസന പ്രവർത്തനങ്ങളെപ്പോലും കോൺഗ്രസ് എതിർക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ ബിജെപിയും കോൺഗ്രസും തമ്മിൽ വ്യക്തമായ ‘ഡീൽ’ നിലനിൽക്കുന്നുണ്ട്. കോൺഗ്രസിന്റെ സഹായമില്ലാതെ ബിജെപിക്ക് ഒരിടത്തും വിജയിക്കാൻ സാധിക്കില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. എവിടെയെല്ലാം ബിജെപി ജയിക്കുന്നുണ്ടോ അവിടെയെല്ലാം കോൺഗ്രസ് സാന്നിധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്‌ഡിപിഐ പിന്തുണ തേടി ആരുമായും ചർച്ച നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നേമത്ത് പാർട്ടിയുടെ അറിവോടെ ഒരു ചർച്ചയുമുണ്ടായിട്ടില്ല. ജമാ അത്തെ ഇസ്ലാമിയുടെ കാര്യത്തിൽ വി.ഡി. സതീശൻ മറുപടി പറഞ്ഞാൽ, എസ്‌ഡിപിഐയുടെ വിഷയത്തിൽ മറുപടി പറയാമെന്നും ഗോവിന്ദൻ അറിയിച്ചു. “ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ടെന്ന് പറയാൻ കോൺഗ്രസ് തയ്യാറാണോ?” എന്ന് അദ്ദേഹം വെല്ലുവിളിച്ചു. സ്വന്തം വർഗീയ കൂട്ടുകെട്ടുകൾ മറച്ചുവെക്കാനാണ് കോൺഗ്രസ് ഇടതുപക്ഷത്തിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്.

പോറ്റിയെ ശബരിമലയിൽ കയറ്റിയത് കെ.സി. വേണുഗോപാലാണെന്നും, ഇതിന്റെ ഭാഗമായി പോറ്റി പലതവണ സോണിയാ ഗാന്ധിയെ കണ്ടത് എന്തിനാണെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു. രാഹുൽ ഗാന്ധി കേരളത്തെ അധിക്ഷേപിക്കാനാണ് ശ്രമിക്കുന്നതെന്നും, മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം പോലും തകർക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്നും, തുടർച്ചയായ മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരുമെന്നും വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും എം.വി.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *