കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ഫെഫ്കയിൽ നിന്ന് മാറ്റിനിര്‍ത്തുമെന്ന് വ്യക്തമാക്കി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. കേസിൽ അന്തിമ തീരുമാനം വരുന്നത് വരെ രഞ്ജിത്തിനെ സംഘടനയിൽ നിന്ന് മാറ്റിനിർത്തുമെന്നും സമാന കേസുകളിൽ ഫെഫ്ക സ്വീകരിക്കുന്ന കർശന നിലപാട് രഞ്ജിത്തിന്റെ കാര്യത്തിലും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഡയറക്ടേഴ്‌സ് യൂണിയനോടും റൈറ്റേഴ്‌സ് യൂണിയനോടും ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിച്ചതായും ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

സിനിമാ ലൊക്കേഷനിൽ വെച്ച് നടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഇന്നലെ രാത്രിയാണ് രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളത്ത് നിന്ന് തൊടുപുഴയിലേക്ക് പോകുന്നതിനിടെ മുട്ടത്ത് വെച്ചായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അദ്ദേഹത്തെ എറണാകുളം സബ് ജയിലിലേക്ക് മാറ്റും. അതേസമയം, രഞ്ജിത്ത് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

രണ്ടു മാസം മുൻപ് കോട്ടയത്തെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുതിയ സിനിമയിൽ പ്രധാന വേഷം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ മൊഴി. അവിടെ നിന്നും ഓടി രക്ഷപ്പെട്ട നടി സഹപ്രവർത്തകരോട് വിവരം പറയുകയും തുടർന്ന് ഡിജിപിക്ക് പരാതി നൽകുകയുമായിരുന്നു. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

നേരത്തെയും രഞ്ജിത്തിനെതിരെ ബംഗാളി നടിയും ഒരു യുവാവും പരാതി നൽകിയിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തിൽ കോടതി ആ കേസുകൾ റദ്ദാക്കിയിരുന്നു. എന്നാൽ പുതിയ പരാതിയിൽ പോലീസ് ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. ലൊക്കേഷനിലുണ്ടായിരുന്ന സാക്ഷികളുടെയും ഐസിസി അംഗങ്ങളുടെയും മൊഴി ഉടൻ രേഖപ്പെടുത്തും. തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും നിയമപരമായി ഇതിനെ നേരിടുമെന്നുമാണ് രഞ്ജിത്തിന്റെ പ്രതികരണം. പോലീസിന്റേത് അനാവശ്യ തിടുക്കമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *