സംസ്ഥാനത്ത് വേനൽച്ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ, തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുള്ളവർക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സ്ഥാനാർത്ഥികൾ, രാഷ്ട്രീയ പ്രവർത്തകർ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർ സൂര്യതാപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ കർശനമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അതോറിറ്റി അറിയിച്ചു.

പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും പൊതുയോഗങ്ങളും റാലികളും വൈകുന്നേരം 4 മണിക്ക് ശേഷം സംഘടിപ്പിക്കുന്നതാണ് ഉചിതമെന്നും നിർദ്ദേശത്തിലുണ്ട്. ദാഹം തോന്നിയില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നത് ശീലമാക്കണം. യാത്രകളിൽ എപ്പോഴും ഒരു കുപ്പി വെള്ളം കരുതുന്നതോടൊപ്പം ലവണാംശം നിലനിർത്താൻ ഒ.ആർ.എസ്, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, സംഭാരം എന്നിവ ഉപയോഗിക്കാവുന്നതാണ്. എന്നാൽ മദ്യം, ചായ, കാപ്പി, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ പകൽ സമയത്ത് ഒഴിവാക്കണം.

കട്ടി കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതിനൊപ്പം കുട, തൊപ്പി, പാദരക്ഷകൾ എന്നിവ നിർബന്ധമായും ഉപയോഗിക്കണം. പകൽ സമയത്തെ യോഗങ്ങളിൽ ആവശ്യമായ തണലും കുടിവെള്ളവും ഉറപ്പാക്കാൻ സംഘാടകർ ശ്രദ്ധിക്കണം. ജനക്കൂട്ടം അധികമുള്ള പരിപാടികളിൽ പ്രഥമ ശുശ്രൂഷാ സൗകര്യങ്ങളും ആംബുലൻസും സജ്ജമാക്കേണ്ടതാണ്. മുതിർന്ന പൗരന്മാർ, ഗർഭിണികൾ, കുട്ടികൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവർക്ക് ചൂട് മൂലമുള്ള പ്രശ്നങ്ങൾക്ക് സാധ്യത കൂടുതലായതിനാൽ ഇവർക്ക് പ്രത്യേക പരിഗണന നൽകണം.

വേനൽമഴയ്ക്കൊപ്പം ഉണ്ടാകുന്ന ഇടിമിന്നൽ സമയത്ത് തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കി സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം. അമിതമായ ക്ഷീണം, തലകറക്കം, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തണലത്തേക്ക് മാറി വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും വേണം. അടിയന്തര സാഹചര്യങ്ങളിൽ 108 (ആംബുലൻസ്), 1077 (ജില്ലാ എമർജൻസി സെന്റർ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *