ഇളയ മകന്റെ രോഗം മാറാനായി മന്ത്രവാദിനിയുടെ നിർദ്ദേശപ്രകാരം പതിമൂന്ന് വയസ്സുകാരിയെ സ്വന്തം അമ്മ ബലി നൽകി. ജാർഖണ്ഡിലെ ഹസാരീബാഗ് കുസുംഭ ഗ്രാമത്തിലാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ അമ്മ രശ്മി ദേവി, മന്ത്രവാദിനി ശാന്തി ദേവി, സഹായി ഭീം റാം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

മകന്റെ രോഗം ഭേദമാകാൻ ഒരു കന്യകയെ ബലി നൽകണമെന്ന് മന്ത്രവാദിനി രശ്മി ദേവിയെ വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് മാർച്ച് 24-ന് രശ്മി ദേവിയും സഹായി ഭീം റാമും ചേർന്ന് പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മൃതദേഹം സമീപത്തെ പാടത്ത് കുഴിച്ചുമൂടുകയും ചെയ്തു. അന്വേഷണം വഴിതിരിച്ചുവിടാനായി പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതാണെന്ന് വരുത്തിതീർക്കാൻ പ്രതികൾ ശ്രമിച്ചിരുന്നു. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ഫോറൻസിക് പരിശോധനയിലും ഇത് തെറ്റാണെന്ന് തെളിഞ്ഞു. തുടർന്ന് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് അന്ധവിശ്വാസത്തിന്റെ പേരിൽ നടന്ന ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *