തിരുവനന്തപുരം: നേമം മണ്ഡലത്തിലെ വികസന വിഷയങ്ങളിൽ പരസ്യ സംവാദത്തിന് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ വീണ്ടും വെല്ലുവിളിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടി. നേരത്തെ നൽകിയ വെല്ലുവിളിയിൽ നിന്ന് രാജീവ് ചന്ദ്രശേഖർ പിന്മാറിയത് ബിജെപിക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയും ക്ഷീണവും ഉണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
വികസന ചർച്ചകൾക്ക് താൻ എപ്പോഴും തയ്യാറാണ്. സംവാദത്തിനുള്ള സമയവും സ്ഥലവും രാജീവ് ചന്ദ്രശേഖർ തന്നെ തീരുമാനിക്കട്ടെയെന്ന് ശിവൻകുട്ടി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നേമത്ത് നടത്തുന്ന റോഡ് ഷോയോട് പ്രതികരിക്കവെ, വികസിത നേമത്തേക്ക് പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്നു എന്ന് വി ശിവൻകുട്ടി പറഞ്ഞു. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധങ്ങളെ അതിജീവിച്ചാണ് കേരളം വികസന പ്രവർത്തനങ്ങൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചാല ഐടിഐ ഉൾപ്പെടെ മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞായിരുന്നു ശിവൻകുട്ടിയുടെ മറുപടി. കുട്ടികൾക്ക് കൃത്യസമയത്ത് പാഠപുസ്തകം പോലും എത്തിക്കാത്തവരാണ് ഇപ്പോൾ വികസനത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിന് ലഭിക്കേണ്ട എസ്.എസ്.കെ ഫണ്ട് എത്രയും വേഗം അനുവദിക്കണമെന്ന് ഇതേക്കുറിച്ച് സംസാരിക്കവെ അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
