കാസർഗോഡ്: ആറ് വയസ്സുകാരനെ രണ്ടാനച്ഛൻ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ പോലീസിനോടും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോടും കമ്മീഷൻ അടിയന്തരമായി റിപ്പോർട്ട് തേടിയിട്ടുണ്ട്. കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ അയൽവാസി ജനലിലൂടെ പകർത്തിയതോടെയാണ് പുറംലോകം ഈ നടുക്കുന്ന വിവരങ്ങൾ അറിഞ്ഞത്. ഹൈക്കോടതി നിർദ്ദേശപ്രകാരം ലീഗൽ സർവീസസ് അതോറിറ്റിയും വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതിയായ ഷൗക്കത്തലി കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മുഖത്തിന്റെ ഒരു വശത്ത് തണുത്ത പാൽക്കവർ വെച്ച് മറുവശത്ത് ആഞ്ഞടിക്കുകയും, കാലുകൾ വളച്ചൊടിച്ച് കഴുത്തോളം വലിച്ചുനീട്ടുകയും ചെയ്യുന്ന മൃഗീയമായ പീഡനമാണ് കുട്ടി നേരിട്ടത്. മർദ്ദനമേറ്റ് കുട്ടി കരയുമ്പോൾ ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകുകയും ചെയ്തിരുന്നു. കുട്ടിയുടെ കണ്ണുകൾക്ക് താഴെയും ശരീരമാസകലവും മർദ്ദനമേറ്റതിന്റെ പാടുകളും മുറിവുകളുമുണ്ടെന്ന് മൊഴികളിൽ പറയുന്നു.
സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുട്ടിയുടെ പിതാവ് രംഗത്തെത്തി. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുക്കുന്നതിന് പകരം ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തതെന്നും, ഇതുമൂലം പ്രതിക്ക് വേഗത്തിൽ ജാമ്യം ലഭിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. കേസ് ഒത്തുതീർപ്പാക്കാൻ പോലീസ് ശ്രമിച്ചതായും പിതാവ് പറഞ്ഞു.
