പാലക്കാട്: കോങ്ങാട് തടുക്കശ്ശേരി നാഗൻകുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് പാപ്പാൻ കൊല്ലപ്പെട്ടു. തെക്കുംഭാഗം ദേശം എഴുന്നള്ളിച്ച ‘കൊല്ലങ്കോട് ഗോവിന്ദൻകുട്ടി’ എന്ന ആനയാണ് ഇടഞ്ഞത്. പാപ്പാൻ രാമൻ ആണ് മരിച്ചത്. പകൽ ശീവേലിക്കിടെ ആന വിരണ്ടോടുകയായിരുന്നു. സമീപത്തെ വീടുകളിലേക്ക് ഓടിക്കയറാൻ ശ്രമിച്ച ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് രാമനെ ആന ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അപകടത്തിന് ശേഷവും ആനയെ പൂർണ്ണമായും തളയ്ക്കാൻ സാധിച്ചിട്ടില്ലാത്തതിനാൽ പ്രദേശത്ത് കനത്ത ജാഗ്രത തുടരുകയാണ്. എലിഫന്റ് സ്ക്വാഡും മറ്റ് പാപ്പാൻമാരും സ്ഥലത്തെത്തി ആനയെ നിയന്ത്രിക്കാനുള്ള തീവ്രശ്രമം നടത്തിവരികയാണ്. ഉത്സവത്തിനെത്തിയ ഭക്തജനങ്ങളും നാട്ടുകാരും പരിഭ്രാന്തിയിലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. വരും മണിക്കൂറുകളിൽ ആനയെ മയക്കുവെടി വെച്ച് തളയ്ക്കാനുള്ള സാധ്യതകളും അധികൃതർ പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *