മടിക്കേരി: മലയാളി യുവതി ശരണ്യ കുടകിലെ തടിയൻഡമോൾ മലനിരകളിൽ ട്രെക്കിങ്ങിനിടെ കാണാതായ സംഭവത്തെത്തുടർന്ന് മേഖലയിൽ ട്രെക്കിങ്ങിന് കർണാടക വനംവകുപ്പ് താൽക്കാലിക വിലക്കേർപ്പെടുത്തി. ഏപ്രിൽ 11 വരെ ട്രക്കിങ്ങ് പാതകൾ അടച്ചിടാനാണ് തീരുമാനം. വനമേഖലയിലെ അപകടസാധ്യതകൾ കണക്കിലെടുത്തും സുരക്ഷാ സംവിധാനങ്ങൾ പുനഃപരിശോധിക്കുന്നതിനുമാണ് ഈ നടപടി. ട്രക്കിങ്ങ് പാതകളിൽ കൃത്യമായ അടയാളങ്ങൾ സ്ഥാപിക്കുമെന്നും വരുംദിവസങ്ങളിൽ സുരക്ഷാ പ്രോട്ടോക്കോളുകളിൽ മാറ്റം വരുത്തുമെന്നും മടിക്കേരി ഡിസിഎഫ് അറിയിച്ചു.
ഏപ്രിൽ രണ്ടാം തീയതി ഒമ്പതംഗ സംഘത്തിനൊപ്പം ട്രെക്കിങ്ങിന് പോയ ശരണ്യ വഴിതെറ്റി കാടിനുള്ളിൽ അകപ്പെടുകയായിരുന്നു. നാല് ദിവസത്തെ വിപുലമായ തിരച്ചിലിനൊടുവിൽ ഏപ്രിൽ അഞ്ചിനാണ് ശരണ്യയെ കണ്ടെത്താനായത്. ആനകളുടെ സാന്നിധ്യമുള്ള ഉൾവനത്തിലെ പാറക്കെട്ടിന് മുകളിലായിരുന്നു യുവതി കഴിഞ്ഞിരുന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ കർണാടക സർക്കാരുമായി ബന്ധപ്പെട്ട് തിരച്ചിൽ ഊർജ്ജിതമാക്കാൻ ഇടപെടലുകൾ നടത്തിയിരുന്നു.
ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ കുമാരപർവ്വതം ഉൾപ്പെടെയുള്ള പ്രധാന ട്രെക്കിങ്ങ് പാതകളിലും കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ വനംവകുപ്പ് ആലോചിക്കുന്നുണ്ട്. കുടക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ട്രെക്കിങ്ങ് ഗ്രൂപ്പുകൾ നൽകിയ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും പുതിയ നിയമാവലികൾ നടപ്പിലാക്കുക. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി കൂടുതൽ സുരക്ഷിതമായ ഒരു ട്രെക്കിങ്ങ് സാഹചര്യം ഒരുക്കുകയാണ് വനംവകുപ്പിന്റെ ലക്ഷ്യം.
