കോഴിക്കോട്: ആനക്കാംപൊയിലിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികൾ മരിച്ചു. ആനക്കാംപൊയിൽ സ്വദേശികളായ പുത്തൻപുരയിൽ ഷിജു ജോസഫ് (ഓട്ടോ ഡ്രൈവർ), ഭാര്യ ബിൻസി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതരയോടെ ആനക്കാംപൊയിൽ-തിരുവമ്പാടി റോഡിലായിരുന്നു അപകടം.
സ്വകാര്യ സ്ഥാപനത്തിൽ ജോലിയുള്ള ബിൻസിയെ ഷിജു ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. ഇടിഞ്ഞ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും ഇരുവരെയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടസമയത്ത് ഓട്ടോയിൽ ഇവർ രണ്ടുപേർ മാത്രമാണ് ഉണ്ടായിരുന്നത്.
