ന്യൂഡൽഹി: കെഎസ്ആർടിസിയിൽ സർവീസിലുള്ളവർക്കും വിരമിച്ചവർക്കും രണ്ട് വ്യത്യസ്ത നിരക്കുകളിൽ ക്ഷാമബത്ത (ഡി.എ) നൽകാനുള്ള ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ഇത്തരത്തിൽ വ്യത്യസ്ത നിരക്കുകൾ നിശ്ചയിക്കുന്നത് ഏകപക്ഷീയമാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ മനോജ് മിശ്ര, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഈ ഉത്തരവ് കെ.എസ്.ആർ.ടി.സിക്ക് കോടികളുടെ അധിക സാമ്പത്തിക ബാധ്യത വരുത്തിവെക്കും.
വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ നിശ്ചയിച്ച കെ.എസ്.ആർ.ടി.സിയുടെ നടപടി നേരത്തെ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാരും കെ.എസ്.ആർ.ടി.സിയുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഡി.എ വിതരണം എന്നത് ഒരു നയപരമായ തീരുമാനമാണെന്നും അതിൽ മാറ്റം വരുത്താൻ തങ്ങൾക്ക് അധികാരമുണ്ടെന്നുമായിരുന്നു സർക്കാരിന്റെ വാദം. വിരമിച്ചവർക്ക് ഉയർന്ന നിരക്കിൽ ഡി.എ നൽകുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്നും കെ.എസ്.ആർ.ടി.സി കോടതിയിൽ വാദിച്ചു.
എന്നാൽ പണപ്പെരുപ്പം ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഡി.എ നിരക്കുകളിൽ വിവേചനം കാണിക്കുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിവിധ തൊഴിലാളി യൂണിയനുകൾക്ക് വേണ്ടി സീനിയർ അഭിഭാഷകൻ വി. ചിദംബരേഷ്, അഭിഭാഷകൻ വിപിൻ നായർ എന്നിവർ ഹാജരായി. വിരമിച്ച ജീവനക്കാർക്ക് ഈ വിധി വലിയ ആശ്വാസമാണ് നൽകുന്നത്.
