കണ്ണൂർ: കെപിസിസി ജനറൽ സെക്രട്ടറി സണ്ണി ജോസഫിനെതിരെ കടുത്ത ആരോപണങ്ങളുമായി മുൻ ഡിസിസി ജനറൽ സെക്രട്ടറി തോമസ് വർഗീസ് രംഗത്ത്. പേരാവൂർ മണ്ഡലത്തിൽ സണ്ണി ജോസഫ് ഏകാധിപത്യപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും കോൺഗ്രസിലെ പ്രാപ്തരായ നേതാക്കളെ ഒതുക്കി സ്വന്തം ഇഷ്ടക്കാരെ വാഴിക്കുകയാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
2021-ലെ തിരഞ്ഞെടുപ്പ് തന്റെ അവസാന പോരാട്ടമാണെന്ന് പറഞ്ഞാണ് സണ്ണി ജോസഫ് വോട്ട് തേടിയത്. എന്നാൽ ഇപ്പോൾ വാക്കുമാറ്റി സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ യോഗ്യരായവരെ തഴഞ്ഞ് സണ്ണി ജോസഫിന്റെ താല്പര്യക്കാർക്ക് മാത്രമാണ് സീറ്റ് നൽകിയത്. കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൽ സ്വന്തം കുടുംബത്തിലെ ഒൻപത് പേർക്ക് ജോലി വാങ്ങിക്കൊടുത്തതായും തോമസ് വർഗീസ് ആരോപിച്ചു.
പാർട്ടിക്കുള്ളിലെ ഗ്രൂപ്പിസത്തിനെതിരെ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. എന്നാൽ തനിക്കെതിരെ യാതൊരു വിശദീകരണവും തേടാതെ തിടുക്കത്തിൽ നടപടിയെടുക്കുകയാണ് ചെയ്തത്. തനിക്കെതിരെ സണ്ണി ജോസഫിന്റെ അനുയായികൾ പരസ്യമായി പ്രചാരണം നടത്തിയിട്ടും കെപിസിസി നടപടിയെടുത്തില്ലെന്നും, തന്നെ പുറത്താക്കിയ നടപടി ഏകപക്ഷീയമാണെന്നും തോമസ് വർഗീസ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് തോമസ് വർഗീസിനെ കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.
