കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ലിയോണല്‍ മെസിയേയും അര്‍ജന്റീനാ ടീമിനേയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍, കായികവകുപ്പ് അന്വേഷണറിപ്പോര്‍ട്ട് കൈമാറി. തുടര്‍നടപടികള്‍ക്കായി മുഖ്യമന്ത്രിയ്ക്കാണ് കൈമാറിയിത്. രഹസ്യസ്വഭാവമുള്ള റിപ്പോര്‍ട്ടാണെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും കായികമന്ത്രി ഒ ജെ ജനീഷ് പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് സംബന്ധിച്ച് ഉചിതമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് കായിക മന്ത്രി വ്യക്തമാക്കി.

മുന്‍ കായികമന്ത്രി വി അബ്ദുറഹ്‌മാനാണ് മെസിയെ കേരളത്തില്‍ എത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. സ്പെയിനില്‍ എത്തി അര്‍ജന്റീന അധികൃതരെ കണ്ടിരുന്നു. സര്‍ക്കാര്‍ ഖജനാവില്‍ നഷ്ടമുണ്ടാക്കിയായിരുന്നു മന്ത്രിയുടെ യാത്ര. മെസിയെ എത്തിക്കാന്‍ 126 കോടി രൂപ മുടക്കിയെന്ന് അവകാശപ്പെട്ട് സ്പോണ്‍സറും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിന് ജിഎസ്ടി അടച്ചിട്ടില്ലെന്ന വിവാദം ഉടലെടുത്തതോടെയാണ് സംഭവം വീണ്ടും വാര്‍ത്തയായത്. പിന്നാലെയാണ് മന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. കായിക വകുപ്പ് സെക്രട്ടറിയാണ് മന്ത്രിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇതാണ് ഇപ്പോള്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറിയിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളത്. വ്യക്തമായ കരാറില്ലെന്നതാണ് ഗുരുതര കണ്ടെത്തല്‍.

കഴിഞ്ഞ നവംബര്‍ 17ന് കേരളത്തില്‍ മത്സരം നടക്കുമെന്ന് സ്‌പോണ്‍സര്‍മാരും സംസ്ഥാന സര്‍ക്കാരും മുമ്പ് പ്രഖ്യാപിച്ചിരുന്നത്.അര്‍ജന്റീന കൊച്ചിയില്‍ വന്ന് ഓസ്‌ട്രേലിയയുമായി സൗഹൃദ മത്സരം കളിക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇങ്ങനെയൊരു മത്സരത്തിനിറങ്ങുന്നതായി അര്‍ജന്റീനയുടെയോ ഓസ്‌ട്രേലിയയുടെയോ ഫുട്‌ബോള്‍ അസോസിയേഷനുകള്‍ സ്ഥിരീകരിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *