ആലപ്പുഴ: പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ ആലപ്പുഴയിൽ പണപ്പിരിവ് നടത്തിയെന്ന ആരോപണം ബിജെപി ആലപ്പുഴ ജില്ലാ നേതൃത്വം തള്ളി. ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് പി.കെ. ബിനോയിയാണ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയത്. ശോഭ സുരേന്ദ്രൻ പണപ്പിരിവ് നടത്തിയതിനെക്കുറിച്ച് അറിയില്ലെന്നും ജില്ലാ നേതൃത്വം ഇതുസംബന്ധിച്ച് ആർക്കും പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ജില്ലാ കമ്മിറ്റി അംഗമായിരുന്ന ബിന്ദു വിനയകുമാറാണ് ശോഭ സുരേന്ദ്രനെതിരെ ആരോപണം ഉന്നയിച്ചത്. ശോഭ ആലപ്പുഴയിൽ പണപ്പിരിവ് നടത്തിയെന്നും ഇതിനെതിരെ ജില്ലാ നേതൃത്വം സംസ്ഥാന സമിതിക്ക് പരാതി നൽകിയെന്നുമായിരുന്നു ബിന്ദുവിന്റെ വാദം. വോട്ടിന് പണം നൽകിയ സംഭവം തന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നുവെന്നും ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് ബിന്ദു ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.

ഫോൺ സംഭാഷണത്തിന്റെ റെക്കോർഡ് സഹിതമാണ് പരാതി നൽകിയത്. ശോഭ സുരേന്ദ്രൻ പക്ഷത്തെ എതിർത്തതാണ് തന്നെ കേസിലേക്ക് വലിച്ചിഴയ്ക്കാൻ കാരണമെന്നും ബിന്ദു ആരോപിക്കുന്നു. തുടർച്ചയായ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി ബിന്ദു വിനയകുമാറിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. നേരത്തെയും ശോഭ സുരേന്ദ്രനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിൽ ബിന്ദുവിനെതിരെ പാർട്ടിയിൽ വിമർശനം ഉയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *