കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ കണ്ണൂർ സിറ്റി പോലീസ് മേധാവി അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശിച്ചു. നിതിന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന മാധ്യമ വാർത്തകളുടെയും കുടുംബം ഉന്നയിച്ച ഗുരുതര ആരോപണങ്ങളുടെയും അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഈ ഇടപെടൽ.

അധ്യാപകരിൽ നിന്ന് നിതിൻ രാജ് നേരിട്ടത് ക്രൂരമായ മാനസിക പീഡനമാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. നിതിന്റെ ജാതിയെയും നിറത്തെയും സാമ്പത്തികാവസ്ഥയെയും പരിഹസിച്ചുകൊണ്ട് അധ്യാപകർ പരസ്യമായി അധിക്ഷേപിച്ചിരുന്നതായി പിതാവ് രാജൻ വെളിപ്പെടുത്തി. “കൊലയാളികളുടെ ഇടയിലേക്കാണല്ലോ ഞങ്ങളുടെ കുട്ടിയെ വിട്ടുകൊടുത്തത്” എന്ന ബന്ധുക്കളുടെ ഹൃദയഭേദകമായ വാക്കുകൾ കോളേജിനുള്ളിലെ പീഡനത്തിന്റെ ആഴം വ്യക്തമാക്കുന്നു. നിതിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അധ്യാപകരുടെ നിരന്തരമായ വേട്ടയാടലാണ് അവനെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്നും കുടുംബം ഉറച്ചുവിശ്വസിക്കുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരുവനന്തപുരം ആനമങ്ങാട് സ്വദേശിയായ നിതിനെ കോളേജ് കെട്ടിടത്തിന് താഴെ വീണ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അധ്യാപകർക്കെതിരെ ജാതി അധിക്ഷേപം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് മനുഷ്യാവകാശ കമ്മീഷന്റെ നിർണ്ണായക ഇടപെടൽ ഉണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *