ഭൂട്ടാൻ വാഹനക്കടത്ത് കേസിലെ പ്രതിയായ അസമിലെ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ദീപക് പഠോവരിയുടെ ജാമ്യാപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതി തള്ളി. മാർച്ച് 13-നകം കോടതിയിൽ കീഴടങ്ങാൻ നേരത്തെ നിർദേശം നൽകിയിരുന്നു. എന്നാൽ ഉത്തരവ് പാലിക്കാതെയും കീഴടങ്ങാതെയും നൽകുന്ന ജാമ്യാപേക്ഷ പരിഗണിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

കൊച്ചി കസ്റ്റംസ് യൂണിറ്റ് നടത്തിയ ‘ഓപ്പറേഷൻ നുംഖോർ’ എന്ന നീക്കത്തിലൂടെയാണ് അന്തർദേശീയ തലത്തിൽ നടന്ന ഈ വൻ വാഹനക്കടത്ത് റാക്കറ്റിനെക്കുറിച്ച് വിവരങ്ങൾ പുറത്തുവന്നത്. വ്യാജ രേഖകൾ ചമച്ച് ഭൂട്ടാനിൽ നിന്ന് മുപ്പത്തിയാറോളം ആഡംബര വാഹനങ്ങൾ ഇന്ത്യയിലേക്ക് കടത്തിയെന്നാണ് ദീപക് പഠോവരിക്കെതിരെയുള്ള കണ്ടെത്തൽ. അസമിൽ വെച്ച് ഇയാളെ മുൻപ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

ഭൂട്ടാനിൽ നിന്നുള്ള വിദേശ നിർമ്മിത സെക്കൻഡ് ഹാൻഡ് കാറുകൾ അനധികൃതമായി ഇന്ത്യയിലെത്തിച്ച് വിവിധ സംസ്ഥാനങ്ങളിൽ വ്യാജ രജിസ്‌ട്രേഷൻ നടത്തി വിൽക്കുന്നതാണ് ഈ സംഘത്തിന്റെ രീതി. കേസിലെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന പശ്ചിമ ബംഗാൾ സ്വദേശി ബിശ്വദീപ് ദാസ് ഉൾപ്പെടെ അഞ്ച് പേരെ നേരത്തെ തന്നെ കസ്റ്റംസ് പിടികൂടിയിരുന്നു. ഷില്ലോങ് കസ്റ്റംസിന്റെയും സശസ്ത്ര സീമാ ബെല്ലിന്റെയും സഹായത്തോടെയാണ് ദീപക് പഠോവരി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ കൊച്ചി കസ്റ്റംസ് പിടികൂടിയത്. വാഹനക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *