വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളിൽ വിള്ളൽ കണ്ടെത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് റവന്യൂ മന്ത്രി കെ രാജൻ. വിള്ളലേറ്റെന്ന് പരാതി ഉയർന്ന വീടുകൾ നേരിട്ടെത്തി സന്ദർശിച്ച് വീടുകളുടെ ​ഗുണനിലവാരം വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി കെ രാജൻ.

ടൗൺഷിപ്പിലെ വീടുകളിൽ വിള്ളലുണ്ടെന്നാണ് ചില മാധ്യമങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചത്. പെൻസിൽ കൊണ്ട് വരച്ച വരയെയാണ് മാധ്യമങ്ങൾ വിള്ളലായി ചിത്രീകരിച്ചതെന്നും മുഴുവൻ വീടിന്റെയും ​ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും അതിൽ യാതൊരു സംശയവും വേണ്ടെന്നും മന്ത്രി വ്യക്തമാക്കി. മുഴുവൻ ദുരന്തബാധിതരുടെയും പുനരധിവാസം ഒരു വർഷത്തിനുള്ളിൽ തന്നെ പൂർത്തിയാക്കുമെന്നും നുണകൾ പൊളിയുമെന്നും കെ രാജൻ പറഞ്ഞു. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ താറടിച്ചു കാണിക്കാനാണ് ചില മാധ്യമങ്ങൾ വ്യാജവാർത്തകൾ പടച്ചുവിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉത്തരവാദിത്തപ്പെട്ട മാധ്യമങ്ങൾ പോലും കള്ളം ഏറ്റുപിടിച്ചുവെന്ന് പറഞ്ഞ അദ്ദേഹം മാധ്യമപ്രവർത്തനത്തിന്റെ ജീർണ്ണിച്ച മുഖമാണ് ഇതിലൂടെ വെളിവായതെന്നും വിമർശിച്ചു. വീട്ടിലെ പെൻസിൽ വര മാധ്യമങ്ങൾക്ക് മന്ത്രി നേരിട്ടെത്തി കാട്ടിക്കൊടുത്തു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിൽ പുരോ​ഗമിക്കുന്ന നിർമാണ പ്രവർത്തനങ്ങളെ തകർക്കാൻ മുൻപും ശ്രമങ്ങൾ നടന്നിരുന്നതായി മന്ത്രി ഓർമിപ്പിച്ചു. സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *