വാൽപ്പാറ അപകടത്തിൽ ജീവൻ നഷ്ടമായ മലപ്പുറം പെരിന്തൽമണ്ണ പാങ്ങ് എൽ.പി. സ്കൂളിലെ അധ്യാപകരുടെയും ജീവനക്കാരിയുടെയും കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. മലപ്പുറം പാങ്ങ് അമ്പലപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പൊതുദർശനത്തിൽ, മരണപ്പെട്ടവർക്ക് അന്ത്യാഞ്ജലി അർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപകടത്തിൽ മരണമടഞ്ഞ ഒൻപത് പേരിൽ ആറുപേർ പാങ്ങ് എൽ.പി. സ്കൂളിലെ അധ്യാപകരാണ്. പ്രിയപ്പെട്ടവരുടെ വിയോ​ഗത്തിൽ നെഞ്ചുലഞ്ഞ് നിൽക്കുകയാണ് നാട്. അധ്യാപകരുടെ അപ്രതീക്ഷിത വിടവാങ്ങലിന്റെ നടുക്കത്തിലാണ് വിദ്യാർഥികളും മറ്റ് ജീവനക്കാരും. കുട്ടികൾക്ക് ആവശ്യമായ കൗൺസിലിങ് നൽകുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

അജിത (54), റംല (52), സുഹ്റ (43), ആശ (41), മജീദ് (43), സജിത (45), ഷക്കീല(37), റുക്കിയ (39), ഹിഷാം (12) എന്നിവ‌ർക്കാണ് വാൽപ്പാറയിൽ വെച്ചുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായത്. പാങ്ങ് എൽ.പി. സ്കൂളിലെ അധ്യാപകരും കുടുംബാഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. 13 പേരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. നാലുപേർ നിലവിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *