തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് സിവിലിയൻ കപ്പലുകൾക്കായി തുറന്നുകൊടുത്ത് മണിക്കൂറുകൾക്കകം ഇറാൻ വീണ്ടും അടച്ചു. നാവിക ഉപരോധം നീക്കം ചെയ്യുമെന്ന ബാധ്യത നിറവേറ്റുന്നതിൽ അമേരിക്ക പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് ഈ കടുത്ത തീരുമാനമെടുത്തത്. ഉപരോധത്തിന്റെ മറവിൽ അമേരിക്ക കടൽക്കൊള്ളയും കപ്പൽ മോഷണവും തുടരുകയാണെന്ന് ഐആർഐബി വഴി പുറത്തുവിട്ട പ്രസ്താവനയിൽ ഇറാൻ കുറ്റപ്പെടുത്തി. ഇറാനിയൻ കപ്പലുകൾക്ക് പൂർണ്ണമായ നാവിഗേഷൻ സ്വാതന്ത്ര്യം അമേരിക്ക പുനഃസ്ഥാപിക്കുന്നതുവരെ കടലിടുക്കിന്റെ നിയന്ത്രണം സായുധ സേനയുടെ കർശന മേൽനോട്ടത്തിലായിരിക്കുമെന്നും പഴയ അവസ്ഥ തുടരുമെന്നും ഇറാൻ വ്യക്തമാക്കി.
അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ ബുധനാഴ്ച അവസാനിക്കാനിരിക്കെ, നിലപാട് കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും രംഗത്തെത്തിയിട്ടുണ്ട്. ഇറാനുമായി കൃത്യമായ സമാധാന കരാറിലെത്തിയില്ലെങ്കിൽ ഇറാനിയൻ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. നിലവിലെ വെടിനിർത്തൽ കാലാവധി നീട്ടാൻ സാധ്യതയില്ലെന്ന് എയർഫോഴ്സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം സൂചിപ്പിച്ചു. “ഒരുപക്ഷേ ഞാൻ കാലാവധി നീട്ടില്ലായിരിക്കാം, പക്ഷേ ഉപരോധം തുടരും” എന്ന് വ്യക്തമാക്കിയ ട്രംപ്, എങ്കിലും ഒരു കരാറിലെത്താൻ സാധിക്കുമെന്ന പ്രത്യാശയും പങ്കുവെച്ചു.
ഏപ്രിൽ 18ന് രാവിലെ കടലിടുക്ക് തുറന്നപ്പോൾ നിരവധി എണ്ണ ടാങ്കറുകളും എൽപിജി വാഹിനികളും ഇറാനിയൻ ജലാതിർത്തിയിലൂടെ കടന്നുപോയതായി മറൈൻട്രാഫിക് ഡാറ്റ വ്യക്തമാക്കുന്നു. എന്നാൽ അമേരിക്ക, ഇസ്രായേൽ കപ്പലുകൾക്കും സൈനിക യാനങ്ങൾക്കും കർശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനിടെ, അറേബ്യൻ കടലിൽ പട്രോളിംഗ് നടത്തുന്ന തങ്ങളുടെ ഡിസ്ട്രോയർ കപ്പലുകൾ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 21 കപ്പലുകളെ വഴിതിരിച്ചുവിട്ടതായി അമേരിക്കൻ സെൻട്രൽ കമാൻഡ് വെളിപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ പോര് ആഗോള എണ്ണ വിപണിയെയും സമുദ്ര സുരക്ഷയെയും വീണ്ടും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
