കോഴിക്കോട്: മൂഴിക്കലിലെ പത്താം ക്ലാസുകാരി നസ്രീനയുടെ കൊലപാതകത്തിൽ, പെൺകുട്ടിയുടെ ഫോണിൽ നിന്നും നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു. കിണറ്റിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോൺ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. വൈരാഗ്യത്തെ തുടർന്ന് നടത്തിയ കൊലപാതകം ആസൂത്രിതമായിരുന്നു എന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം.

കിണറ്റിൽ നിന്ന് കണ്ടെടുത്ത നസ്രീനയുടെ ഫോൺ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. നസ്രീനയെ കൊലപ്പെടുത്തിയ ശേഷം നസ്രീനയുടെ മൊബൈൽ ഫോണിൽ നിന്നും അദ്നാൻ സുഹൃത്തിന് വാട്സ് ആപ്പ് സന്ദേശം അയച്ചതായി പൊലീസ് കണ്ടെത്തി. നസ്രീന സന്ദേശം അയക്കുന്ന രീതിയിലാണ് അദ്നാൻ ചാറ്റ് ചെയ്തത്.

അദ്നാൻ പുലർച്ചെ 1.45ന് മരിച്ചെന്നായിരുന്നു സന്ദേശം. താങ്കൾക്ക് നൽകാനുള്ള പണം ഞാൻ നൽകാമെന്നും മാങ്കാവ് സ്വദേശിക്കയച്ച സന്ദേശത്തിലുണ്ട്. താങ്കൾ ആരാണെന്ന ചോദ്യത്തിന് അദ്നാൻ്റെ സുഹൃത്തെന്നായിരുന്നു മറുപടി. പൊലീസ് അദ്നാൻ്റെ സുഹൃത്തിൻ്റെ മൊഴി രേഖപ്പെടുത്തി. അദ്നാന് ബൈക്ക് വാടകയ്ക്ക് നൽകിയ യുവാവ് ആണ് മൊഴി നൽകിയത്.

സംഭവ ദിവസം ജീവനൊടുക്കാൻ തീരുമാനിച്ചാണ് അദ്‌നാൻ വീട്ടിൽ എത്തിയതെന്ന് പൊലീസ് പറയുന്നു. നസ്രീനയെ കൊലപ്പെടുത്തിയിട്ടും രക്ഷപ്പെടാതിരുന്നത് ഇത് കൊണ്ടാണെന്നാണ് പൊലീസ് നിഗമനം.

അതേസമയം തെളിവ് നശിപ്പിക്കാൻ വീട്ടിലെത്തിയ ആരോ ശ്രമിച്ചതായി പൊലീസ് സംശയിക്കുന്നുണ്ട്. ഫോണുകൾ കിണറ്റിൽ എറിഞ്ഞത് ബന്ധുക്കൾ ആകാം എന്നാണ് സംശയം. വീണ്ടും ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

Leave a Reply

Your email address will not be published. Required fields are marked *