കോഴിക്കോട്: ജില്ലയിലെ സ്ട്രോങ്ങ് റൂമുകൾ തുറന്നെന്ന ആരോപണവുമായി യുഡിഎഫ് രംഗത്ത്. ഏഴ് മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഇവിടെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് ജീവനക്കാർ അകത്തുകയറിയെന്നാണ് യുഡിഎഫ് പരാതിപ്പെടുന്നത്.
ഉദ്യോഗസ്ഥർ സ്ട്രോങ്ങ് റൂമിൽ പ്രവേശിക്കുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. നടപടിക്രമങ്ങളിൽ വലിയ വീഴ്ചയുണ്ടായെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ ആരോപിച്ചു. വിവരമറിഞ്ഞ് യുഡിഎഫ് നേതാക്കളും പ്രവർത്തകരും ജെഡിടി പരിസരത്ത് തടിച്ചുകൂടി. സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ജീവനക്കാർ അകത്തു കയറിയതിനെ ഇവർ ചോദ്യം ചെയ്തു.
എന്നാൽ കോൺഗ്രസ് ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കൊണ്ട് പേരാമ്പ്ര റിട്ടേണിംഗ് ഓഫീസർ രംഗത്തെത്തി. സ്ട്രോങ്ങ് റൂം തുറന്നു എന്ന വാർത്ത തെറ്റാണ്. തെരഞ്ഞെടുപ്പ് സംബന്ധമായ എൻകോർ സോഫ്റ്റ്വെയറിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനായി പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകൾ സൂക്ഷിച്ച മുറിയാണ് തുറന്നത്. ഇത് സീൽ ചെയ്ത സ്ട്രോങ്ങ് റൂമല്ല. സ്ഥാനാർത്ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് മുറി തുറന്നതെന്നും വോട്ടിംഗ് യന്ത്രങ്ങളും പോസ്റ്റൽ ബാലറ്റുകളും സൂക്ഷിച്ച മുറികൾ സുരക്ഷിതമാണെന്നും റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.
