കൊച്ചി: തൃണമൂൽ കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിച്ച് പി.വി. അൻവർ. എറണാകുളം കളമശ്ശേരി സീ പാർക്ക് ഹോട്ടലിൽ ചേർന്ന ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തിന്റ സംസ്ഥാന കമ്മിറ്റി യോഗത്തിന് പിന്നാലെ ഫേയ്സ്ബുക്കിൽ കൂടിയാണ് തൃണമൂൽ കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിച്ചതായി അൻവർ അറിയിച്ചത്.
ദേശീയ രാഷ്ട്രീയത്തിൽ ഉരുത്തിരിയുന്ന സവിശേഷ സാഹചര്യം കണക്കിലെടുത്താ-ണ് തൃണമൂൽ കോൺഗ്രസ് എന്ന നിലയിൽ മുമ്പോട്ട് പോകേണ്ടതില്ല എന്ന പ്രമേയം കമ്മിറ്റിയിൽ ഐക്യഖണ്ഠേന അംഗീകരിച്ചതെന്നും അദ്ദേഹം അറിയിച്ചു.
അൻവറിന്റെ ഫേയ്സ്ബുക്ക് കുറിപ്പ്:
ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് (എഐടിസി) കേരള ഘടകത്തിന്റെ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് എറണാകുളം കളമശ്ശേരി സീ പാർക്ക് ഹോഹോട്ടലിൽ ചേർന്നു.
ദേശീയ രാഷ്ട്രീയത്തിൽ ഉരുത്തിരിയുന്ന സവിശേഷ സാഹചര്യം കണക്കിലെടുത്ത്, തൃണമൂൽ കോൺഗ്രസ് എന്ന നിലയിൽ മുന്നോട്ടുപോകേണ്ടതില്ല എന്ന പ്രമേയം യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു. ഇതോടുകൂടി ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കൺവീനർ എന്ന സ്ഥാനം ഞാൻ രാജിവെക്കുന്നതായും തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നതായും അറിയിക്കുന്നു.
സംസ്ഥാനത്തിന് ഉപകാരപ്രദമാകുന്ന രീതിയിൽ മതേതര-ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു സംസ്ഥാന പാർട്ടിക്ക് രൂപം നൽകാനും ദേശീയതലത്തിൽ രാഹുൽ ഗാന്ധിയും ഇന്ത്യൻ നാഷണൽ കോൺഗ്രസും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തോട് സമരസപ്പെടുന്ന ആശയ ഘടനയുള്ള പുതിയ സംവിധാനം മെയ് രണ്ടാം വാരത്തോടുകൂടി പ്രഖ്യാപിച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനും മുഴുവൻ ജില്ലാ കമ്മിറ്റികളുടെയും പിന്തുണയോടെ തീരുമാനിച്ച വിവരം അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിക്കുമെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
