തൃശൂര്‍: നാടും നഗരവും കാത്തിരുന്ന തൃശൂർ പൂരത്തിന് ഔദ്യോഗികമായി കൊടിയേറി. പൂരത്തിലെ പ്രധാന പങ്കാളികളായ തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റ ചടങ്ങുകൾ പൂർത്തിയായതോടെ ശക്തന്റെ തട്ടകം ഇനി പൂരലഹരിയിലേക്ക് കടക്കുകയാണ്. ഇന്ന് രാവിലെ എട്ടരയോടെ തിരുവമ്പാടി ക്ഷേത്രത്തിലായിരുന്നു ആദ്യ കൊടിയേറ്റം. പഞ്ചാരിമേളത്തിന് പിന്നാലെ ഭാരവാഹികൾ ഏറ്റുവാങ്ങിയ കൊടിക്കൂറകൾ ഭക്തരുടെ ആർപ്പുവിളികൾക്കും കുരവകൾക്കും നടുവിൽ വാനിലുയർന്നു. ക്ഷേത്രത്തിന് പുറമെ നായ്ക്കനാലിലും നടുവിലാലിലും തിരുവമ്പാടി വിഭാഗം പൂരക്കൊടികൾ ഉയർത്തി.

തിരുവമ്പാടിക്ക് പിന്നാലെ പതിനൊന്നരയോടെ പാറമേക്കാവ് ക്ഷേത്രത്തിലും കൊടിയേറ്റം നടന്നു. വലിയ പാണിയ്ക്ക് ശേഷം പുറത്തേക്ക് എഴുന്നള്ളിയ ദേവിയെ സാക്ഷിയാക്കിയാണ് ദേശക്കാർ സിംഹമുദ്രയുള്ള മഞ്ഞക്കൊടികൾ ഉയർത്തിയത്. ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാലിലും പാറമേക്കാവ് വിഭാഗം പൂരത്തിന്റെ വരവറിയിച്ച് കൊടികൾ സ്ഥാപിച്ചു. ഘടകക്ഷേത്രങ്ങളിൽ ലാലൂരിലായിരുന്നു ആദ്യം കൊടിയേറ്റം നടന്നത്. പിന്നാലെ അയ്യന്തോൾ ഉൾപ്പെടെയുള്ള മറ്റ് ഘടകക്ഷേത്രങ്ങളിലും ചടങ്ങുകൾ പൂർത്തിയായി.

ഇനി വരുംദിവസങ്ങൾ തൃശൂരിന് ആഘോഷങ്ങളുടേതാണ്. ഏപ്രിൽ 24-ന് ആനച്ചമയ പ്രദർശനവും അന്ന് വൈകിട്ട് ഏഴിന് സാംപിൾ വെടിക്കെട്ടും നടക്കും. 25-ന് നെയ്തലക്കാവിലമ്മ തെക്കേനട തുറന്നിറങ്ങുന്നതോടെ പൂരവിളംബരമാകും. ഏപ്രിൽ 26-നാണ് വിശ്വപ്രസിദ്ധമായ തൃശൂർ പൂരം. അന്ന് പുലർച്ചെ കണിമംഗലം ശാസ്താവിന്റെ വരവോടെ തുടങ്ങുന്ന പൂരക്കാഴ്ചകൾ ഇലഞ്ഞിത്തറ മേളവും കുടമാറ്റവും കഴിഞ്ഞ് 27-ന് പകൽപൂരത്തിന് ശേഷമാണ് സമാപിക്കുക. അടുത്ത ഒരു വാരം തൃശൂർ നഗരം പൂരപ്രേമികളുടെ കടലായി മാറും.

Leave a Reply

Your email address will not be published. Required fields are marked *